പ്രവാചകന്റെ സഹിഷ്ണുതയുടെ സന്ദേശം പ്രകാശിപ്പിക്കുക: ശൈഖ് ബദർ നാസർ അൽ അനസി
എടവണ്ണ: അനീതിയും ക്രൂരതയും പടരുന്ന കാലത്ത് പ്രവാചകന്റെ സഹിഷ്ണുതയുടെ സന്ദേശം ജീവിതത്തിലൂടെ പ്രകാശിപ്പിക്കാൻ യുവതലമുറ മുന്നോട്ടു വരണമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസർ അൽ അനസി. എടവണ്ണ ജാമിഅ നദ്വിയ്യഃയിൽ ദ്വിദിന അന്താരാഷ്ട്ര ഹദീസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
(Illuminate the Prophet’s message of tolerance: Sheikh Badr Nasser Al Anasi)
കുഞ്ഞുങ്ങളേയും സ്ത്രീകളെയും നിഷ്ക്കരുണം കൊല്ലുന്ന ക്രൂരതയുടെ ലോകത്ത് നബിയുടെ കരുണയുടെ പാഠങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുക. തീവ്ര ചിന്തകൾ വികൃത മനസ്സിൽ നിന്നും ഉണ്ടാകുന്നതാണ്. നബി ജീവിതം വായിക്കാതെയാണ് പലരും പ്രവാചകനെ ഇകഴ്ത്താൻ ശ്രമിക്കുന്നത്. നബി ജീവിതം ദുർവ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. നബിജീവിതം ആഴത്തിൽ പഠിക്കാൻ സമൂഹം തയ്യാറാവണം. പ്രവാചക ജീവിതത്തിന്റെ തിളക്കവും തെളിച്ചവുമാണ് ഹദീസ് വിജ്ഞാനീയങ്ങളിൽ കാണുന്നത്. ഹദീസ് ഗവേഷണ രംഗത്ത് ഇന്ത്യൻ പണ്ഡിതർ നടത്തിയ സേവനങ്ങൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ലോക സമാധാനത്തിനായി സുഊദി ചെയ്യുന്ന സേവനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ആൾ ഇന്ത്യ അഹ്ലേ ഹദീസ് പ്രസിഡന്റ് മൗലാന അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി മുഖ്യാഥിതിയി. കെ. എൻ. എം സംസ്ഥാന പ്രസിഡണ്ട് ടി. പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ലക്നൗ ദാറുൽ ഉലൂം നദ്വത്തുൽ ഉലമാ പ്രൊഫസർ മൗലനാ അബ്ദുറഷീദ് നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ. എൻ. എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ജാമിഅ നദ്വിയ്യഃ മാനേജിങ് ട്രസ്റ്റി നൂർ മുഹമ്മദ് നൂർഷാ, ട്രസ്റ്റ് ബോർഡ് സെക്രട്ടറി അബ്ദുസ്സമദ് സുല്ലമി, കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, കെ. ജെ. യു സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി, കെ. ജെ. യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹ്യുദ്ധീൻ മദനി, കെ. എൻ. എം സംസ്ഥാന സെക്രട്ടറി ഡോ. എ. ഐ അബ്ദുൽ മജീദ് സ്വലാഹി, ജാമിഅ നദ്വിയ്യഃ ഡയറക്ടർ ആദിൽ അത്തീഫ് സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന വൈജ്ഞാനിക സെഷനുകളിൽ ഡോ. ബഷീർ മാഞ്ചേരി, ഡോ. ഇഖ്ബാൽ അഹ്മദ് മദനി, ഡോ. അബ്ദുൽ മുനീർ മദനി, ഹാഫിസ് മുഹമ്മദ് ഹാഷിം മദനി, ഡോ മുഹമ്മദ് രായിൻ സ്വലാഹി, ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. സയ്യിദ് റാഷിദ് നസീം, ഡോ. അബ്ദുൽ ഹാദി, ഡോ. മുഹമ്മദലി അൻസാരി, അബ്ദുൽ അസീസ് മദീനി, ഖുദ്റതുല്ലാഹ് നദ്വി, അബ്ദുറസാഖ് ബാഖവി, കൊമ്പൻ മുഹമ്മദ് മൗലവി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന ദിവസമായ നാളെ പ്രമുഖ ഹദീസ് പണ്ഡിതരും ഗവേഷകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.