ആനക്കരയില്‍ സിപിഎം അവിശ്വാസത്തെ പിന്തുണച്ച് ലീഗ്; കോൺഗ്രസിന് അധ്യക്ഷ സ്ഥാനം നഷ്ടമായി

ആനക്കര: സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മുസ്ലിം ലീഗ് പിന്തുണച്ചതോടെ ആനക്കര പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും തർക്കങ്ങളുമാണ് യു.ഡി.എഫിന് വിനയായത്. 17 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് അംഗങ്ങളുമായി പ്രതിപക്ഷത്തിരിക്കുന്ന എൽ.ഡി.എഫാണ് പ്രസിഡന്റ് പി.എൻ അംബികക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയത്തെ മൂന്നംഗങ്ങളുള്ള മുസ്ലിം ലീഗ് പിന്തുണക്കുകയായിരുന്നു. കോൺഗ്രസിലെ ആറംഗങ്ങൾ വോട്ടെടുപ്പിന് വന്നില്ല. ഒരു ബി.ജെ.പി അംഗം വിട്ടു നിന്നു. ഇതോടെ പത്തംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം പാസാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് ചേർന്ന പഞ്ചായത്ത് കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തത്. പഞ്ചായത്തിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങൾ പരിഹരിക്കാൻ കഴിയാത്തതാണ് യു.ഡി.എഫിനെതിരെ ലീഗിന് മറുകണ്ടംചാടേണ്ടിവന്നത്. ലീഗിന്റെ പിന്തുണയോടെയാണ് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചത്.
വനിത സംവരണമായതോടെ കോണ്‍ഗ്രസിന്റെ പി.എന്‍. അംബിക പ്രസിഡന്റാവുകയായിരുന്നു. ഏഴ് അംഗങ്ങളുമായി സി.പി.എമ്മും ഒരംഗമുള്ള ബി.ജെ.പിയും പ്രതിപക്ഷത്താണ്. മുന്‍കാലങ്ങളിലും ഇത്തരത്തില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിൽ വിള്ളല്‍ വീണിരുന്നു. വ്യക്തിപരമായി ചിലര്‍ കോണ്‍ഗ്രസിനെ തള്ളിപറയുകയായിരുന്നു. അവിശ്വാസം പാസായതോടെ സി.പി.എം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ തൊട്ടടുത്ത പഞ്ചായത്താണ് ആനക്കര. തൃത്താല മണ്ഡലത്തിലെ തദ്ദേശ ഭരണ നഷ്ടം യു.ഡി.എഫ് നേതൃത്വം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
