കൊച്ചിയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; ദുരൂഹതയില്ല, മകനെ വിട്ടയയ്ക്കുമെന്ന് പൊലീസ്
കൊച്ചി: എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ താൽക്കാലികമായി വിട്ടയയ്ക്കുമെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു. കൊലപാതക സാധ്യത പ്രാഥമികമായി തള്ളുകയാണെന്നും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.released
ഇന്ന് രാവിലെ നാലുമണിയോടെയയിരുന്നു അല്ലി (78)യുടെ മൃതദേഹം മകന്‍ പ്രദീപ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുമ്പോള്‍ അല്ലിയുടെ കണ്ണിലും മൂക്കിലുമെല്ലാം മണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു.
സംഭവസമയം പ്രദീപ് മദ്യലഹരിയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ പൊലീസിന് കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രദീപ് സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും അക്രമാസക്തനാകാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അല്ലിയുടേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. മരിച്ച ശേഷമാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്തതെന്ന മകന്‍ പ്രദീപിന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.