‘യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ യുവമോര്‍ച്ചക്കാര്‍ 400ഓളം വോട്ടുകള്‍ ചെയ്തു’; ആരോപണവുമായി ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ യദു

 

Election

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ യുവമോര്‍ച്ചക്കാര്‍ വോട്ടുചെയ്‌തെന്ന ആരോപണവുമായി പത്തനംതിട്ടയില്‍ ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ യദു കൃഷ്ണന്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന് വേണ്ടി 400 വോട്ടുകളാണ് യുവമോര്‍ച്ചക്കാര്‍ ചെയ്തതെന്നാണ് യദുവിന്റെ ആരോപണം. കഴിഞ്ഞ ദിവസം കഞ്ചാവുകേസില്‍ പിടിയിലായതിന് പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി യദു രംഗത്തെത്തിയിരിക്കുന്നത്. Election

സഹായിച്ചിട്ടും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ താനീ വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മാത്രം നാല്‍പതോളം വോട്ടുകള്‍ പിടിച്ചുകൊടുത്തിട്ടുണ്ട്. ഒരു സ്ഥലത്തുനിന്ന് മാത്രമല്ല എല്ലായിടത്തേയും യുവമോര്‍ച്ചയുടെ വോട്ടുകള്‍ നോക്കിയാല്‍ 350 മുതല്‍ 400 വരെ വോട്ടുകള്‍ വരുമെന്നും യദു പറഞ്ഞു. വീട്ടില്‍ നിന്നുവരെ വോട്ടുകള്‍ താന്‍ ചെയ്യിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിക്കുകയാണെങ്കില്‍ അടുത്ത ദിവസം താന്‍ ഇതിനുള്ള തെളിവുകളുമായി വരുമെന്നും യദു പറഞ്ഞു.

 

അതേസമയം യദുവിനൊപ്പം പത്തനംതിട്ട സിപിഐഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതി കൂടാതെ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയുമുള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. എസ്എഫ്‌ഐ പ്രവര്‍ത്തകരായ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഐഎമ്മിലെത്തിയത്. വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരണ്‍ ചന്ദ്രന്‍ ഇതില്‍ ജാമ്യം എടുത്തിരുന്നു.കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനെ മന്ത്രി വീണ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചതിന്റെ വിവാദം തീരും മുന്‍പ് കഞ്ചാവ് കേസ് കൂടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിനിടെയാണിപ്പോള്‍ വീണ്ടും വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയെ കൂടി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചുവെന്ന വിവരവും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *