‘വോട്ടുബന്ദി’ക്കെതിരെ ബിഹാറിനെ സ്തംഭിപ്പിച്ച് ഇൻഡ്യാ സഖ്യത്തിന്റെ ബന്ദ്; സമരമുഖത്ത് രാഹുൽ ഗാന്ധിക്കൊപ്പം എം.എ ബേബിയും
ന്യൂഡൽഹി: വോട്ടവകാശം തട്ടിയെടുക്കുന്ന വോട്ടുബന്ദിക്കെതിരെ ഇൻഡ്യാ സഖ്യം ആഹ്വാനം ചെയ്ത ബന്ദ് ബിഹാറിനെ സ്തംഭിപ്പിച്ചു. പട്‌നയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇൻഡ്യാ സഖ്യം നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ മാർച്ചിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കൊപ്പം സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും അണിനിരന്നു. ബിഹാർ പ്രതിപക്ഷനേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ്, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും മാർച്ചിനെ അഭിസംബോധന ചെയ്തു.India
ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് എം.എ ബേബി പറഞ്ഞു. ജർമനിയിൽ ഹിറ്റ്‌ലർ ചെയ്തതുപോലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നരേന്ദ്രമോദിയും അമിത് ഷായും നിതീഷ് കുമാറും ചേർന്ന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് ഇൻഡ്യാ സഖ്യത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു ബിഹാർ ബന്ദ്. ബുധനാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് പട്‌നയിലെത്തിയത്. വോട്ടവകാശം തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നാണ് അത്യച്ചത്തിൽ ബിഹാർ പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി നടത്തിയ അട്ടിമറി ബിഹാറിലും ആവർത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അത് അനുവദിക്കില്ല. ഭരണഘടന സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത്. എന്നാൽ ബിജെപിയുടെ നിർദേശപ്രകാരമാണ് കമ്മീഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപി നാമനിർദേശം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണർമാരാണിത്. ബിഹാർ തെരഞ്ഞെടുപ്പ് കവർന്നെടുക്കാനുള്ള ശ്രമമാണ് വോട്ടർപട്ടിക തീവ്രപരിശോധന. ബിഹാറിലെ ജനങ്ങളുടെ, വിശേഷിച്ചും ചെറുപ്പക്കാരുടെ വോട്ടവകാശം ഈ വിധത്തിൽ കവരാൻ അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.