ലബനാനിലേക്ക് മാനുഷിക സഹായം അയച്ച് ഇന്ത്യ
ന്യൂഡൽഹി: മരുന്നുകളടക്കം മാനുഷിക സഹായം ലബനാനിലേക്ക് അയച്ച് ഇന്ത്യ. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈനിക ആക്രമണം തുടരുന്നതിനിടെയാണ് സഹായ വിതരണം. ആകെ 33 ടൺ മെഡിക്കൽ സപ്ലൈസാണ് അയക്കുന്നത്. ഇതിൽ 11 ടണ്ണിൻ്റെ ആദ്യ ഗഡുവാണ് ഇന്നയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഹൃദയരോഗസംബന്ധമായ മരുന്നുകൾ, ആൻ്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിരവധി ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങങ്ങൾ ചരക്കിൽ ഉൾപ്പെടുന്നതായി ജയ്സ്വാൾ പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യോമാക്രമണം ലബനാൻ്റെ മുനിസിപ്പൽ ആസ്ഥാനം തകർത്തിരുന്നു. ദിവസങ്ങൾക്കു മുൻപ് ലബനാനിലെ യൂനിഫിൽ സേനയുടെ താവളങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. നൂറുകണക്കിന് ഇറ്റാലിയൻ സൈനികർ സേവനം ചെയ്യുന്ന മേഖലയിലായിരുന്നു ആക്രമണം.