മ​ല്ലു അ​ന്നാ​ബി: ലോ​ക​ക​പ്പി​ലേ​ക്ക് ത​ഹ്സി​ന്റെ ച​രി​ത്ര​പ്ര​വേ​ശം

ദോ​ഹ: ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത വി​ദൂ​ര സ്വ​പ്ന​മാ​യി തു​ട​ര​വെ ഖ​ത്ത​റി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ക​ണ്ണൂ​ർ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ത​ഹ്സി​ൻ ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് ച​രി​ത്ര​പ്ര​വേ​ശം ന​ട​ത്തു​ന്നു. ഖ​ത്ത​റി​ലെ യൂ​ത്ത് ടീ​മു​ക​ളി​ലും ക്ല​ബ് ഫു​ട്ബാ​ളി​ലെ​യും ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​മാ​ണ് ദേ​ശീ​യ ടീ​മി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ താ​രം ഖ​ത്ത​റി​നാ​യി ബൂ​ട്ട​ണി​ഞ്ഞി​രു​ന്നു. ഇ​ട​തു​വി​ങ്ങി​ൽ എ​തി​രാ​ളി​ക​ളെ ക​ബ​ളി​പ്പി​ച്ച് മി​ന്ന​ൽ വേ​ഗ​വു​മാ​യി കു​തി​ക്കു​ന്ന ത​ഹ്സി​ൻ ഖ​ത്ത​റി​ന്റെ ഗെ​യിം പ്ലാ​നി​ങ്ങി​ൽ പ്ര​ധാ​ന​മാ​ണ്. 19 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ൾ ത​ന്നെ ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തി​യ​ത് ത​ഹ്സി​ന്റെ ക​ളി​മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. മി​ക​ച്ച ഫി​റ്റ്ന​സും ഫോ​മും നി​ല​നി​ർ​ത്തു​ന്ന താ​രം അ​മേ​രി​ക്ക-​കാ​ന​ഡ-​മെ​ക്സി​കോ ലോ​ക​ക​പ്പി​ൽ അ​ന്നാ​ബി ജ​ഴ്സി​യി​ൽ ഇ​റ​ങ്ങു​മ്പോ​ൾ അ​ത് ച​രി​ത്ര​മാ​വും. ഒ​രു മ​ല​യാ​ളി ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ദി​യി​​ലെ​ന്ന സ്വ​പ്ന​തു​ല്യ​മാ​യ നി​മി​ഷം.

ആ​സ്പ​യ​റി​ൽ​നി​ന്ന് വി​ശ്വ​വേ​ദി​യി​ലേ​ക്ക്

ലോ​കോ​ത്ത​ര താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന ഖ​ത്ത​റി​ന്റെ അ​ഭി​മാ​ന​മാ​യ ആ​സ്പ​യ​ർ അ​ക്കാ​ദ​മി​യി​ലെ പു​ൽ​മൈ​താ​ന​ങ്ങ​ളി​ൽ പ​ന്തു​ത​ട്ടി​പ്പ​ഠി​ച്ച ത​ഹ്സി​ൻ, അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​ഭ​യും ക​ഠി​നാ​ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി​യാ​ണ് ലോ​ക​ക​പ്പ് ദേ​ശീ​യ ടീ​മി​ൽ വ​രെ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. 2021ൽ ​ദേ​ശീ​യ അ​ണ്ട​ർ 16 ടീ​മി​ൽ ഇ​ടം പി​ടി​ച്ചാ​ണ് താ​രം ശ്ര​ദ്ധേ​യ​നാ​യ​ത്. പി​ന്നീ​ട് വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​യി​രു​ന്നു. ത​ക​ർ​പ്പ​ൻ ഫോം ​തു​ട​ർ​ന്ന താ​രം അ​ണ്ട​ർ 17, അ​ണ്ട​ർ 19 ദേ​ശീ​യ ടീ​മു​ക​ളി​ലും സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു.

ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ൽ വ​മ്പ​ന്മാ​രും പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ അ​ൽ ദു​ഹൈ​ൽ ക്ല​ബി​ൽ ഇ​ടം​നേ​ടി​യ​ത് ത​ഹ്സി​ന്റെ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യി. 2024 മാ​ർ​ച്ചി​ലാ​യി​രു​ന്നു അ​ൽ ദു​ഹൈ​ലി​ന്റെ ജ​ഴ്സി​യി​ൽ ക്യു.​എ​സ്.​എ​ല്ലി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഇ​റ്റ​ലി​യു​ടെ ലോ​കോ​ത്ത​ര താ​രം മാ​ർ​ക്കോ വെ​രാ​ട്ടി, ഫ്ര​ഞ്ച് താ​രം ഇ​ബ്രാ​ഹി​മ ബം​ബ, ഖ​ത്ത​ർ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​ൽ മു​ഈ​സ് അ​ലി, ആ​സിം മ​ദി​ബോ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ൽ ദു​ഹൈ​ലി​ന്റെ ജേ​ഴ്സി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത് ത​ഹ്സി​ന്റെ ക​രി​യ​റി​ലെ നേ​ട്ട​മാ​യി. ക്ല​ബ് ത​ല​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​നം വൈ​കാ​തെ ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ലെ​ത്തി​ച്ചു. 2024 ജൂ​ണി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലൂ​ടെ ദേ​ശീ​യ ടീ​മി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി. തു​ട​ർ​ന്നു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​ന്റെ ഭാ​ഗ​മാ​യി. ഇ​തി​നി​ടെ, ക​ഴി​ഞ്ഞ​വ​ർ​ഷം വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ചൈ​ന​യി​ൽ ന​ട​ന്ന അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പി​ൽ ഖ​ത്ത​റി​നാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ബൂ​ട്ട​ണി​ഞ്ഞ് ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ ലെ​ബ​നാ​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ സീ​നി​യ​ർ ടീ​മി​നാ​യും ക​ളി​ച്ചു.

ഫു​ട്ബാ​ൾ പാ​ര​മ്പ​ര്യം

മു​ൻ കേ​ര​ള താ​രം പി​താ​വ് ജം​ഷി​ദി​ന്റെ പാ​ര​മ്പ​ര്യ​മാ​​ണ് ത​​ഹ്സി​​ന്‍റെ​​യും ക​​രു​​ത്ത്. 1992ൽ ​​അ​​ഖി​​ലേ​​ന്ത്യ കി​​രീ​​ടം ചൂ​​ടി​​യ കാ​​ലി​​ക്ക​​റ്റ് യൂ​​നി​​വേ​​ഴ്സി​​റ്റി ടീം ​​അം​​ഗ​​വും ജോ​​പോ​​ൾ അ​​ഞ്ചേ​​രി​​ക്കൊ​​പ്പം കേ​​ര​​ള യൂ​​ത്ത് ടീ​​മി​​ൽ ക​​ളി​​ച്ച് ഇ​​ന്ത്യ​​ൻ ക്യാ​​മ്പ് വ​​രെ​​യു​​മെ​​ത്തി​യി​രു​ന്നു ത​​ല​​ശ്ശേ​​രി​​ക്കാ​​ര​​നാ​​യ ജം​ഷി​ദ്. 1985ൽ ​​കേ​​ര​​ള​​ത്തി​​ന്‍റെ സ​​ബ്ജൂ​​നി​​യ​​ർ ടീ​​മി​​ലും ശേ​​ഷം ജൂ​​നി​​യ​​ർ-​​യൂ​​ത്ത് ടീ​​മു​​ക​​ളി​​ലും ക​​ളി​​ച്ചും നാ​​ലു വ​​ർ​​ഷം കാ​​ലി​​ക്ക​​റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ടീ​​മി​​ന്‍റെ താ​​ര​​മാ​​യും തി​​ള​​ങ്ങി​​യ ജം​​ഷി​​ദി​​നെ പ​​രി​​ക്കാ​​ണ് ക​​ള​​ത്തി​​ൽ​​നി​​ന്ന് അ​​ക​​റ്റി​​യ​​ത്. തു​​ട​​ർ​​ന്ന്, 23ാം വ​​യ​​സ്സി​​ൽ പ്ര​​വാ​​സം വ​​രി​​ച്ച് ഖ​​ത്ത​​റി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഫു​​ട്ബാ​​ളി​​ലെ പ്രി​​യം വി​​ട്ടി​​ല്ല. അ​​ൽ ഫൈ​​സ​​ൽ ഹോ​​ൾ​​ഡി​​ങ്ങി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രി​​ക്കെ ഒ​​ഴി​​വു​​ദി​​ന​​ങ്ങ​​ളി​​ൽ ക​​ളി​​ക്ക​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ൽ മ​​ക്ക​​ളാ​​യ മി​​ഷാ​​ലി​​നെ​​യും ത​​ഹ്​​​സി​​നെ​​യും ഒ​​പ്പം കൂ​​ട്ടു​മാ​യി​രു​ന്നു. ആ ​ആ​​വേ​​ശ​​മാ​​ണ് ഇ​​ള​​യ മ​​ക​​ൻ ത​​ഹ്സി​​നെ ലോ​ക​ക​പ്പ് ടീം ​​വ​​രെ എ​​ത്തി​​ച്ച​​ത്. അ​​ൽ ഫൈ​​സ​​ൽ ഹോ​​ൾ​​ഡി​​ങ്സി​​ന് കീ​​ഴി​​ൽ ത​​ന്നെ​​യു​​ള്ള ശൈ​​ഖ് ഫൈ​​സ​​ൽ ബി​​ൻ ഖാ​​സിം സ്പോ​​ർ​​ട്സ് അ​​ക്കാ​​ദ​​മി​​യി​​ലാ​ണ് ത​ഹ്സി​ൻ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച​ത്. തു​ട​ർ​ന്ന് ദു​​ഹൈ​​ൽ എ​​ഫ്.​​സി​​യി​​ലെ​​ത്തി. ശേ​ഷം ഖ​ത്ത​റി​ന്റെ ലോ​കോ​ത്ത​ര കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ‘ആ​സ്പ​യ​ർ അ​ക്കാ​ദ​മി’​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ഹ്സി​ന്റെ ഫു​ട്ബാ​ൾ ക​രി​യ​റി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​നി ഷൈ​മ​യാ​ണ് ത​ഹ്സി​ന്റെ മാ​താ​വ്.