യാത്രക്കാർക്ക് ആശ്വാസം! ആർഎസി ടിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്താൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: മുഴുവൻ ടിക്കറ്റ് നിരക്കും നൽകിയിട്ടും ട്രെയിനുകളിൽ ബെർത്തുകൾ പങ്കുവെച്ച് യാത്ര ചെയ്യേണ്ടി വരുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) ടിക്കറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ റെയിൽവേ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷവും പൂർണ്ണമായ ബെർത്ത് ലഭിക്കാത്ത ആർഎസി യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം തിരികെ നൽകുന്ന (Partial Fare Refund) കാര്യമാണ് റെയിൽവേ അധികൃതർ പരിഗണിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിലവിലെ രീതിയും വരാനിരിക്കുന്ന മാറ്റങ്ങളും
നിലവിലെ നിയമപ്രകാരം, ആർഎസി ടിക്കറ്റുള്ള യാത്രക്കാർക്ക് റിസർവ് ചെയ്ത കോച്ചുകളിൽ കയറാനും യാത്ര ചെയ്യാനും അനുവാദമുണ്ട്. എന്നാൽ, ചാർട്ട് തയ്യാറാക്കിയ ശേഷവും ടിക്കറ്റ് കൺഫേം ആകാതെ ആർഎസിയിൽ തന്നെ തുടരുകയാണെങ്കിൽ, രണ്ട് യാത്രക്കാർ ചേർന്ന് ഒരു സൈഡ്-ലോവർ ബെർത്ത് പങ്കുവെക്കേണ്ടി വരുന്നു. പകുതി സൗകര്യം മാത്രമാണ് ലഭിക്കുന്നതെങ്കിലും രണ്ട് യാത്രക്കാരിൽ നിന്നും പൂർണ്ണമായ ടിക്കറ്റ് നിരക്കാണ് റെയിൽവേ ഈടാക്കുന്നത്.
യാത്രക്കാർക്ക് വ്യക്തികത ബെർത്തുകൾ നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ മുഴുവൻ തുകയും ഈടാക്കുന്നത് ന്യായമാണോ എന്ന കാര്യമാണ് റെയിൽവേ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുന്നത്.
ഭാഗിക റീഫണ്ട് പരിഗണനയിൽ
ചാർട്ട് തയ്യാറായ ശേഷവും കൺഫേം ബെർത്ത് ലഭിക്കാത്ത ആർഎസി യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ നിശ്ചിത ശതമാനം തിരികെ നൽകുന്ന നിർദ്ദേശമാണ് പ്രധാനമായും ചർച്ചയിലുള്ളത്. തിരക്കേറിയ സമയങ്ങളിൽ ഒഴിഞ്ഞ ബെർത്തുകൾ ഇല്ലാത്തതിനാൽ ടിടിഇമാർക്കും യാത്രക്കാർക്ക് പകരം സൗകര്യം ഒരുക്കിക്കൊടുക്കാൻ സാധിക്കാറില്ല. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ യാത്രക്കാരുടെ ആശങ്കകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാർലമെന്ററി സമിതിയുടെ ഇടപെടൽ
2026 ഫെബ്രുവരിയിൽ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളെ തുടർന്നാണ് റെയിൽവേയുടെ ഈ നീക്കം. ചാർട്ട് തയ്യാറായ ശേഷവും വ്യക്തിഗത ബെർത്തുകൾ ലഭിക്കാത്ത ആർഎസി യാത്രക്കാരിൽ നിന്ന് മുഴുവൻ നിരക്കും ഈടാക്കുന്ന രീതിയെ സമിതി ചോദ്യം ചെയ്തിരുന്നു. ഇത്തരം യാത്രക്കാർക്ക് ഭാഗികമായി പണം തിരികെ നൽകുന്നതിനുള്ള സംവിധാനം കൊണ്ടുവരണമെന്ന് സമിതി റെയിൽവേ മന്ത്രാലയത്തോട് ശിപാർശ ചെയ്തിരുന്നു.
പുതിയ നിയമങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരും?
പുതിയ നിയമങ്ങൾ എപ്പോൾ നടപ്പിലാക്കുമെന്നോ, റീഫണ്ട് ഘടന എങ്ങനെയായിരിക്കുമെന്നോ ഇന്ത്യൻ റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ നിലവിലുള്ള ആർഎസി നിയമങ്ങൾ തന്നെ തുടരും. അതിനാൽ നിലവിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ബെർത്ത് പങ്കുവെക്കേണ്ടി വന്നാലും മുഴുവൻ ടിക്കറ്റ് നിരക്കും നൽകേണ്ടതുണ്ട്.
