കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. പബ്ലിക് അതോറിറ്റി പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 68 ശതമാനവും പ്രവാസികളും 32 ശതമാനം കുവൈത്തി പൗരന്മാരാണ്. 68 ശതമാനം വിദേശികളിൽ 21 ശതമാനം ഇന്ത്യൻ പൗരന്മാരും 13 ശതമാനം ഈജിപ്തുകാരും 6 ശതമാനം ബംഗ്ലാദേശികളും 5 ശതമാനം ഫിലിപ്പിനോ പൗരന്മാരുമാണ്. മൂന്ന് ശതമാനം സൗദി, സിറിയൻ, നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരും കുവൈത്തിൽ കഴിയുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.Indians
2024 ജൂണിലെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യ 4,918,570 ആണ്. പൊതു-സ്വകാര്യ മേഖലകളിൽ രാജ്യത്തുടനീളം 2,178,008 പേരാണ് തൊഴിൽ ചെയ്യുന്നത്. ഇതിൽ 24.2 ശതമാനവുമായി ഇന്ത്യൻ തൊഴിലാളികൾ ഒന്നാമതും, 21.9 ശതമാനവുമായി കുവൈത്തികൾ രണ്ടാമതും, 21.9 ശതമാനവുമായി ഈജിപ്തുകാർ മൂന്നാമതുമാണ്. 8.5 ശതമാനം ബംഗ്ലാദേശ് പൗരന്മാരും, 3.9 ശതമാനം നേപ്പാളികളും, 3.2 ശതമാനം പാക്കിസ്ഥാനികലും, 3 ശതമാനം സിറിയക്കാരും, 2.9 ഫിലിപ്പിനോകളും തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി. 43.8 ശതമാനവുമായി ഗാർഹിക തൊഴിലാളികളിലും ഇന്ത്യക്കാരാണ് ഒന്നാമത്. 21.1 ശതമാനം ഫിലിപ്പിനോകളും, 15.4 ശതമാനം ശ്രീലങ്കൻ പൗരന്മാരും, 11.1 ശതമാനം ബംഗ്ലാദേശികളും, 4.5 ശതമാനം നേപ്പാളികളും ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.