‘സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണം’; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം
എറണാകുളം: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹേമ കമ്മിറ്റിയിലെ കണ്ടെത്തലുകളിൽ നടപടികളുമായി മുന്നോട്ടു പോകാം. പരാതികളിൽ മതിയായ തെളിവുകൾ ലഭിച്ചാൽ കേസെടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.Intoxication
സമ്പൂര്‍ണ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിശോധിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണ്. പരാതിക്കാരുടെയും അതിജീവിതരുടെയും പേര് പുറത്തുവിടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളില്‍ നിന്ന് അതിജീവിതരുടെ പേരുവിവരങ്ങള്‍ മറയ്ക്കണമെന്നും കോടതി കർശനമായി നിർദേശിച്ചു.
എഫ്ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പൊലീസ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യരുത്. കേസ് രേഖകള്‍ പരാതിക്കാരിക്കല്ലാതെ മറ്റാര്‍ക്കും നല്‍കുന്നതിലും വിലക്കുണ്ട്. പ്രതികള്‍ക്ക് കേസ് രേഖകള്‍ നല്‍കുന്നത് കുറ്റപത്രം നല്‍കിയതിന് ശേഷം മാത്രമായിരിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം. തെളിവില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മൊഴി നല്കാന് ആരെയും എസ്ഐടി നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. അതിജീവിതര്‍ സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. സിനിമാ മേഖലയിലെ ലഹരി ഉപയോഗവും അന്വേഷിക്കണം. ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും എസ്ഐടിക്ക് കോടതി നിര്‍ദേശം നൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.