ഇറാന്റെ ഭീഷണി: സൈനികരെ തിരിച്ച് വിളിച്ച് ഇസ്രായേൽ, സൈനികരുടെ അവധി റദ്ദാക്കി

Iran's threat: Israel calls back troops, cancels holiday

തെൽഅവീവ്: സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെ മുഴുവൻ റിസർവ് സൈനികരോടും സേനയിൽ പ്രവേശിക്കാൻ ഉത്തരവിട്ട് ഇസ്രായേൽ. അവധിയിലുള്ള സൈനികരുടെ അവധി റദ്ദാക്കി.

സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടി നൽകുമെന്നും ഇസ്രായേൽ ശിക്ഷിക്കപ്പെടുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും അദ്ദേഹം അറിയിച്ചിരുന്നു. ‘ഇറാന്‍റെ ധീരരായ സൈനികരാൽ ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ശിക്ഷിക്കപ്പെടും. ഈ കുറ്റകൃത്യത്തിനും മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതക്കും അവർ പശ്ചാത്തപിക്കേണ്ടിവരും’ -ഖാംനഈ തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

അതിനിടെ, ഇറാൻ നാളെ തന്നെ തിരിച്ചടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മുൻ ഇസ്രായേലി ഇൻറലിജൻസ് മേധാവി അമോസ് യാഡ്‌ലിൻ പറഞ്ഞു. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തിനെതിരെ നേരിട്ടോ അല്ലാതെയോ പ്രതികരിക്കാൻ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ നാളെ ചിലപ്പോൾ ഇറാൻ തിരഞ്ഞെടുത്തേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാൻ എംബസിയോടുചേർന്ന് അംബാസഡറുടെ വസതിയടക്കമുള്ള കെട്ടിടമാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടത്. അംബാസഡർ ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർ മുഹമ്മദ് റിസ സഹേദി, കമാൻഡർ മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇറാൻ കരസേന, വ്യോമസേന എന്നിവയിലെ മുൻ കമാൻഡറും സൈനിക ഓപറേഷൻസ് ഡെപ്യൂട്ടി കമാൻഡറുമായിരുന്ന സഹേദി വർഷങ്ങൾക്കിടെ മേഖലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സൈനിക പ്രമുഖനാണ്. 2020ൽ ബഗ്ദാദിൽ റവലൂഷനറി ഗാർഡ്സ് ജനറൽ ഖാസിം സുലൈമാനിയെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം വധിച്ചതാണ് അവസാന സംഭവം.

Leave a Reply

Your email address will not be published. Required fields are marked *