സ്പെയർ പാർട്സ് വാങ്ങിയതിൽ ക്രമക്കേട്; കെഎസ്ആർടിസിയിൽ ‌രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

KSRTC

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്പെയർ പാർട്സ് വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം പാപ്പനംകോട്ടെ സെൻട്രൽ വർക്ക് ഷോപ്പിലെ ജോൺ ആംസ്ട്രോങ്, അനീഷ്യ പ്രിയദർശിനി എന്നിവർക്കാണ് സസ്പെൻഷൻ.KSRTC

കെഎസ്ആർടിസിക്ക് നഷ്ടം വരുന്ന രീതിയിൽ സ്പെയർ പാർട്സുകൾ വാങ്ങി എന്നാണ് കണ്ടെത്തൽ. ഗുരുതര വീഴ്ചയാണ് ജീവനക്കാരിൽ നിന്ന് ഉണ്ടായതെന്നും മാനേജ്മെന്റ് പറയുന്നു.

ദൈനംദിന അറ്റകുറ്റപ്പണികൾക്കായി സ്‌പെയർ പാർട്‌സ് വാങ്ങാൻ പണം അനുവദിച്ചിരുന്നു. ഇതുപയോ​ഗിച്ച് സ്‌പെയർ പാർട്‌സ് വാങ്ങിയതിൽ ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. സ്ഥിരമായി രണ്ടോ മൂന്നോ കടകളിൽനിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. ഒരേ കാർഡിൽ നിന്ന് പല സാധനങ്ങൾ വാങ്ങിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. തുക സംബന്ധിച്ച അന്തരം വളരെ വലുതാണെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് കണ്ടെത്തി. തുടർന്നാണ് നടപടി.

എന്നാൽ, തെറ്റ് ചെയ്തിട്ടില്ലെന്ന് സസ്പെൻഷനിലായ ജീവനക്കാർ മീഡിയവണിനോട് പറഞ്ഞു. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണം പോലും തേടിയിട്ടില്ല. സസ്പെൻഡ് ചെയ്തതിൽ സിഎംഡിക്ക് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *