ഗസ്സയിൽ യുഎൻ സ്‌കൂളിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു
ഗസ്സ: ഗസ്സയിലെ യുഎൻ റിലീഫ് ഏജൻസിക്ക് കീഴിലുള്ള ഒരു സ്‌കൂൾ കൂടി ആക്രമിച്ച് ഇസ്രായേൽ. കെട്ടിടത്തിൽ അഭയം തേടിയിരുന്ന കുട്ടികളടക്കം 20 ഫലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആളുകൾക്ക് പുറത്തേക്ക് പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ഗസ്സയിലെ ബൈത്ത് ഹനൂൻ, ദീറൽ ബലാഹ്, നുസൈറത്ത് അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ കനത്ത ആക്രമണം നടത്തിയതോടെ മരണനിരക്ക് കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 60 പേരാണ് കൊല്ലപ്പെട്ടത്.
൨൦൨൩ ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 45,028 പേരാണ് കൊല്ലപ്പെട്ടത്. 106,962 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം ഒരു മുന്നറിയിപ്പും നൽകാതെയാണ് യുഎൻ സ്‌കൂൾ ഇസ്രായേൽ ആക്രമിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം പലരും ഉറങ്ങുമ്പോഴാണ് കനത്ത ആക്രമണമുണ്ടായതെന്ന് അൽ ജസീറ പ്രതിനിധി താരിഖ് അബു അസ്സൗം പറഞ്ഞു. നാസർ മെഡിക്കൽ കോംപ്ലക്‌സിന് തൊട്ടടുത്താണ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്‌കൂൾ നിലകൊള്ളുന്നത്. ഇതിന്റെ മൂന്നാം നില ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.
നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങളാണ് സ്‌കൂളിൽ അഭയം തേടിയിരുന്നത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ആളുകൾ കെട്ടിടത്തിൽ തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.