ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ലയെ വധിച്ചെന്ന് ഇസ്രായേൽ
ബെയ്റൂത്ത്: ഹിസ്ബുല്ല തലവൻ സയ്യിദ് ഹസ്സൻ നസ്റുല്ലയെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. വെള്ളിയാഴ്ച ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്.
ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേൽ അറിയിച്ചു. അതേസമയം, ഇക്കാര്യം ഹിസ്ബുല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടതായി ഇസ്രായേലി സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. അതേസമയം, ഹിസ്ബുല്ല പരസ്യ പ്രസ്താവന നടത്താത്തിടത്തോളം ഇസ്രായേലിൻ്റേത് അവകാശവാദം മാത്രമെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി.
ഇറാൻ പിന്തുണയുള്ള രാഷ്ട്രീയ പാർട്ടിയും സായുധ വിഭാഗവുമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസ്സൻ നസ്റുല്ല. കഴിഞ്ഞ 32 വർഷമായി അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. 1992 ഫെബ്രുവരിയിലാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്.