ഇസ്രായേൽ ആക്രമണം: ലബനാനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു; ഗസ്സയിൽ യുവ ജേണലിസ്റ്റിനെ തട്ടിക്കൊണ്ടുപോയി
ബെയ്‌റൂത്ത്: ഗസ്സയ്ക്കു സമാനമായി ലബനാനിലും സാധാരണക്കാർക്കൊപ്പം മാധ്യമപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഇസ്രായേൽ ആക്രമണം ശക്തമാണ്. തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രായേൽ നടത്തിവരുന്ന ക്രൂരതകൾ പുറംലോകത്തെത്തിക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ചുമതല വഹിക്കുന്ന മാധ്യമപ്രവർത്തകരെ അതിൽനിന്നും തടയാനാണ് സൈന്യം അവർക്കു നേരെയും ആക്രമണം നടത്തുന്നത്.Israeli
അൽ മയാദീൻ ടിവിയിലെ രണ്ടും അൽ മനാർ ടിവിയിലെ ഒന്നും മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തെക്കൻ ലബനാനിലെ ഹസ്ബയ്യയിലെ റെസ്റ്റ് ഹൗസിനു നേരെ നടന്ന ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾ ലോകത്തെ അറിയിച്ചിരുന്നവരാണ് ഈ മാധ്യമപ്രവർത്തകരെന്ന് ലബനാൻ ഇൻഫർമേഷൻ മന്ത്രി സിയാദ് മക്കാരി എക്സിൽ പോസ്റ്റിൽ കുറിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെ ബോധപൂർവമായ വ്യോമാക്രമണം നടത്താനായി അവർ കിടക്കുംവരെ ഇസ്രായേൽ സൈന്യം കാത്തിരുന്നതായും ഉറങ്ങിയ ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 18 മാധ്യമപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. അതിനാൽ കൃത്യമായ ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും നിരീക്ഷണത്തിനും ശേഷമുള്ള കൊലപാതകമാണിതെന്നും ഇത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് മാധ്യമപ്രവർത്തകരിൽ തങ്ങളുടെ രണ്ട് ജീവനക്കാരും ഉൾപ്പെടുന്നതായി അൽ മയാദീൻ ടിവി സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വടക്കൻ ഗസ്സയിലെ കമൽ അദ്‌വാൻ ആശുപത്രിയിൽ നടത്തിയ കൂട്ടക്കുരുതിക്കിടെ 18കാരനായ മാധ്യമപ്രവർത്തകനെ ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയി. ഇന്ന് പുലർച്ചെ ആശുപത്രിയിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈനികർ ഫലസ്തീൻ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകനുമായ അബ്ദുൽ റഹ്‌മാൻ അബൗദ് ബത്തയെയാണ് തട്ടിക്കൊണ്ടുപോയത്.
ഇൻസ്റ്റഗ്രാമിൽ 3.5 മില്യൺ ഫോളോവേഴ്സുള്ള മാധ്യമപ്രവർത്തകനാണ് അബ്ദുൽ റഹ്‌മാൻ. ഇദ്ദേഹത്തോട് ഇസ്രായേൽ സൈന്യം മോശമായി പെരുമാറിയെന്നും അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയെന്നും യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ ഡയറക്ടർ റാമി അബ്ദു എക്സിൽ പോസ്റ്റിൽ പറഞ്ഞു. ആധുനിക കാലത്തെ മറ്റേതൊരു യുദ്ധകാലത്തിലേതിനേക്കാൾ കൂടുതൽ മാധ്യമപ്രവർത്തകരാണ് ഗസ്സയിലും ലബനാനിലുമായി കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴു മുതൽ ഈ വർഷം ഒക്ടോബർ 24വരെ, ഗസ്സയിലും അധിനിവേശ വെസ്റ്റ്ബാങ്കിലും ലബനാനിലും കൊല്ലപ്പെട്ട 43,000ലധികം പേരിൽ 128 മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു. എന്നാൽ, കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ യഥാർഥ എണ്ണം ഇതിനേക്കാൾ കൂടുതലാണ്. ഗസ്സയിൽ മാത്രം 175 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടതായും ഇവരിൽ ഭൂരിഭാഗം പേരും അവരുടെ ജോലിക്കിടെയാണ് ആക്രമിക്കപ്പെട്ടതെന്നുമാണ് റിപ്പോർട്ടുകൾ. 1992ൽ സിപിജെ വിവരശേഖരണം ആരംഭിച്ചതിനു ശേഷം മാധ്യമപ്രവർത്തകർ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്.
കഴിഞ്ഞവർഷം ഒക്ടോബറിലും നവംബറിലുമായി ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസിയിലെ ഫോട്ടോഗ്രാഫറായ ഇസാം അബ്ദുല്ലയാണ് 2023 ഒക്ടോബറിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറ് മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽ മയാദീൻ ചാനലിലെ തന്നെ രണ്ട് മാധ്യമപ്രവർത്തകരാണ് കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിന്റെ ബെയ്റൂത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അൽ മയാദീന്റെ ഓഫീസും തകർന്നിരുന്നു.
മാധ്യമപ്രവർത്തകരെ കൂടാതെ, ലബനാനിൽ ഒരു വർഷത്തിനിടെ 160ലധികം രക്ഷാപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതുവരെ കൊല്ലപ്പെട്ട രക്ഷാപ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടേയും എണ്ണം 163 ആയെന്നും 272 പേർക്ക് പരിക്കേറ്റെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ്രായേൽ ആക്രമണം ലബനാനിലെ ആരോഗ്യമേഖലയിലും കനത്ത നാശനഷ്ടമാണുണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.