വടക്കൻ ഗസ്സയിലേക്ക് മടങ്ങിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
ഗസ്സ: വടക്കൻ ഗസ്സയിലെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇസ്രായേൽ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കേണ്ട അവസാന ദിവസമാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്.Palestinians
വടക്കൻ ഗസ്സയിലേക്ക് തിരിച്ചുവരാനായി ആയിരക്കണക്കിന് ഫലസ്തീനികളാണ് അൽ-റാഷിദ് സ്ട്രീറ്റിൽ കാത്തിരിക്കുന്നത്. ”കഴിഞ്ഞ ദിവസം രാത്രി മുതൽ ഞങ്ങൾ ഇവിടെയുണ്ട്. തകർന്നടിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങളിൽ ജീവിക്കേണ്ടിവന്നാലും മടങ്ങിപ്പോകാൻ തയ്യാറല്ല. ഞങ്ങളാണ് ഈ ഭൂമിയുടെ യഥാർഥ അവകാശികൾ. അതുകൊണ്ട് തന്നെ ഞങ്ങൾ ഇവിടെ ഉറച്ചുനിൽക്കും”-റാഷിദ് സ്ട്രീറ്റിൽ കാത്തിരിക്കുന്ന ഒരു ഫലസ്തീൻ യുവാവ് അൽ-ജസീറയോട് പറഞ്ഞു.
ഇസ്രായേൽ അധിനിവേശ സൈന്യം തങ്ങളുടെ വീടുകൾ കവർന്നെടുത്ത് തങ്ങളെ പുറംതള്ളിയതിന്റെ (നക്ബ) ഓർമക്ക് ഏഴ് പതിറ്റാണ്ടായി തങ്ങളുടെ വീടിന്റെ താക്കോലുകൾ പൂർവീകൾ സൂക്ഷിക്കുന്നുണ്ട്. പ്രവാസികളായ ഓരോ ഫലസ്തീനിയോടും നിങ്ങൾ ചോദിച്ചു നോക്കൂ…തങ്ങൾക്ക് ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളത്. ജന്മനാട് തിരിച്ചുപിടിക്കണം എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഇസ്രായേൽ അധിനിവേശ സേന ഗാസ മുനമ്പിനെ മുഴുവൻ കരിഞ്ഞുണങ്ങിയ ഭൂമിയാക്കി മാറ്റി. തങ്ങൾക്ക് തങ്ങളുടെ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടു, എന്നിട്ടും തങ്ങളുടെ മാതൃഭൂമി ഉപേക്ഷിക്കാൻ കഴിയില്ല…അത് തങ്ങളുടേതാണ് – ഫലസ്തീൻ യുവാവ് പറഞ്ഞു.