വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ തുടങ്ങി; 33 ബന്ദികളുടെ വിവരങ്ങൾ പുറത്തുവിട്ടു

hostages

തെൽ അവീവ്: സർക്കാർ അംഗീകാരം വൈകുകയാണെങ്കിലും കരാർ പ്രകാരം ഗസ്സയിൽനിന്ന് ആദ്യ ബന്ദികൾ ഞായറാഴ്ച മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സെക്യൂരിറ്റി കാബിനറ്റും മുഴുവൻ മന്ത്രിസഭയും വെടിനിർത്തൽ കരാർ അംഗീകരിച്ചുകഴിയുകയും അത് പ്രാബല്യത്തിൽ വരികയും ചെയ്താൽ നിലവിലെ പദ്ധതിപ്രകാരം ബന്ദികളുടെ മോചനം നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. ബന്ദികളായ മൂന്ന് സ്ത്രീകളെയാണ് ഞാറയാഴ്ച മോചിപ്പിക്കുക.hostages

ഗസ്സയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകാനായി ഇസ്രായേൽ സുരക്ഷാ കാബിനറ്റ് യോഗം ആരംഭിച്ചിട്ടുണ്ട്. കരാറിന് അംഗീകരം നൽകാൻ മുഴുവൻ സർക്കാരിന്റെയും യോഗം ശനിയാഴ്ച വൈകീട്ട് നടക്കുമെന്നാണ് വിവരം.

അതേസമയം, കരാറിനെതിരെ ഹൈകോടതിയിൽ ഹരജികളുണ്ട്. ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്ന വിഷയത്തിലാണ് തർക്കമുള്ളത്. എന്നാൽ, കോടതി ഈ വിഷയത്തിൽ ഇടപെടില്ലെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ വിട്ടയക്കുന്ന 33 ബന്ദികളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, തീവ്രവലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കരാർ അംഗീകരിച്ചാൽ തന്റെ ഒറ്റ്സ്മ യെഹൂദിത് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധം പുനരാരംഭിച്ചാൽ സർക്കാരിന്റെ കൂടെ വീണ്ടും ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സുരക്ഷാ മന്ത്രിക്കെതിരെ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി രംഗത്തുവന്നു. വലതുപക്ഷ സർക്കാരിൽനിന്ന് പോകുന്ന ഏതൊരു പാർട്ടിയും നിത്യ നാ​ണക്കേടായി ഓർമിക്കപ്പെടുമെന്ന് പാർട്ടി വ്യക്തമാക്കി. ബെൻഗവിറിന്റെ പാർട്ടി പിന്തുണ പിൻവലിച്ചാലും നെതന്യാഹുവിന്റെ പാർട്ടിക്ക് നിലവിൽ ഭീഷണിയില്ല. അതേസമയം, മറ്റൊരു തീവ്ര വലതുപക്ഷ മന്ത്രിയായ ബെസലേൽ സ്മോട്രിചും ബെൻഗവിറിന്റെ പാത പിന്തുടർന്നാൽ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകും. എന്നാൽ, വെടിനിർത്തൽ കരാറുമായി മുന്നോട്ടുപോയാൽ സർക്കാരിന് പിന്തുണ നൽകുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *