ബി പി മൊയ്‌ദീനെ ഇരുവഴിഞ്ഞി പുഴ കവർന്നെടുത്തിട്ട് നാൽപ്പത്തിരണ്ടാണ്ട്.

It has been forty-two years since BP Moideen was kidnapped by the river.

 

കൊടിയത്തൂർ : 1982 ജൂലൈ 15 ന് തെയ്യത്തും കടവിലുണ്ടായ തോണിയപകടത്തിന് നാല്പത്തിരണ്ടാണ്ട് പൂർത്തിയാവുന്നു. മുക്കത്തെ സാമൂഹ്യ- സന്നദ്ധ സേവന പ്രവർത്തകൻ ബി.പി. മൊയ്തീൻ, ഉള്ളാട്ടിൽ എ.എം.ഉസ്സൻ കുട്ടി, ചേന്ദമംഗല്ലൂരിലെ അംജദ് മോൻ എന്നിവരുടെ ജീവൻ പൊലിഞ്ഞ, നാടിനെ നടുക്കിയ വലിയ ദുരന്തം. കൊടിയത്തൂർ കരയിൽ നിന്നും ചേന്ദമംഗല്ലൂർ കര ലക്ഷ്യം വെച്ച് നിറയെ യാത്രക്കാരുമായി നീങ്ങിയ വഞ്ചി കരയിൽ നിന്നും അധികദൂരം പിന്നിടാതെ മറിയുകയായിരുന്നു. ഒരു വിധം നീന്തമറിയാവുന്നവരെല്ലാം കരപറ്റി. നന്നായി നീന്താനറിയുന്ന മൊയ്തീൻ മറ്റുള്ളവരെ രക്ഷിക്കാനുളള ശ്രമത്തിനിടെ ചുഴിയിൽ അകപ്പെട്ട് വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. നീന്തൽ വശമില്ലാത്ത ഉസ്സൻ കുട്ടിയുടെ ജഢം പിന്നീട് പൊന്തി വന്നെങ്കിലും അംജദ് മോനിന്റെ ശരീരം എന്നെന്നേക്കുമായി പുഴ കവർന്നെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കടവിൽ നിന്ന് കാണാതായ കാരക്കുറ്റി ഉസ്സൻ കുട്ടിയുടെ ശരീരവും ഇരുവഴിഞ്ഞി തന്റെ മാറിൽ ഒളിപ്പിച്ചു വെക്കുകയുണ്ടായി.

ഒരു നോമ്പുകാലത്തായിരുന്നു ഈ തോണിയപകടം. വാടാനപ്പള്ളി ഇസ്ലാമിയാ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. റമദാൻ അവധിക്ക് വീട്ടിലെത്തിയ ഞാനും സഹപാഠി ചേളന്നൂരിലെ കെ.കെ.മുഹമ്മദും അത്താഴവും സുബ്ഹ് പ്രാർഥനയും കഴിഞ്ഞ് കോലായിയിലെ ‘ തണ ‘ യിൽ സുഖ നിദ്രയിലായിരുന്നു. തെയ്യത്തും കടവിൽ നിന്നുയർന്ന ആർപ്പുവിളി കേട്ട് ഞങ്ങൾ ഞെട്ടിയുണരുകയായിരുന്നു. ഞൊടിയിടയിൽ സ്ഥലത്ത് പാഞ്ഞെത്തി. മാടത്തിങ്ങൽ Tk. അഹ്മദ് കുട്ടി (TK സ്റ്റോർ ) യുമായി അവരുടെ തോണിയിൽ രക്ഷാപ്രവർത്തനം ലക്ഷ്യം വെച്ച് താഴേക്ക് കുതിച്ചു. അപ്പോഴേക്കും ഒരു വിധമെല്ലാവരും കര പറ്റിയിരുന്നു. കാണാതായ മൂന്നുപേരെ ലക്ഷ്യം വെച്ച് കരയോടടുപ്പിച്ച് ഏറെ നേരം തിരച്ചിലിൽ മുഴുകി. പിന്നീട് പാഴൂർ ഭാഗത്ത് തോണി അടുപ്പിച്ച് മരത്തിൽ ബന്ധിച്ചു. ശക്തമായ ഒഴുക്ക് കാരണം തോണി മുകളിലേക്ക് എത്തിക്കുക ക്ലേശകരമായിരുന്നു. മറുകരയണയാൻ മറ്റു മാർഗങ്ങൾ മുന്നിലില്ലെന്നിരിക്കെ, കരയിലൂടെ ഏറെ ദൂരം നടന്ന് ചേന്ദമംഗല്ലൂർ പാലത്ത് മണ്ണിൽ കടവിലെത്തി. അവിടെ നിന്ന് മാടത്തിങ്ങൽ കടവ് ലക്ഷ്യം വെച്ച് രണ്ട് പേരും നീന്തി അക്കരെപ്പറ്റുകയായിരുന്നന്ന് റഫീഖ് കുറ്റിയോട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *