രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യം; ഒരാൾക്കെതിരെയും നടപടിയെടുക്കാൻ സർക്കാറിന് മടിയില്ലെന്ന് തെളിഞ്ഞു -വി.ശിവൻകുട്ടി



പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഡസൻകണക്കിന് പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്നിട്ടുള്ളത്. ഇനി ഇക്കാര്യത്തിൽ എന്തെങ്കിലും ​ചെയ്യേണ്ടത് കോൺഗ്രസാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിവാങ്ങാൻ കോൺഗ്രസ് നേതൃത്വം തയാറാവണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.

സ്ത്രീപീഡന കേസുകളിൽ മുഖംനോക്കാതെ നടപടിയെടുക്കുന്ന സർക്കാറാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ. ബിഷപ്പ് ഫ്രാങ്കോ മുളക്കൽ, ദിലീപ്, രാഹുൽ മാങ്കൂട്ടത്തിൽ, രാഹുൽ ഈശ്വർ തുടങ്ങിയ പല പ്രമുഖരേയും മുഖംനോക്കാതെ അറസ്റ്റ് ചെയ്യാൻ സർക്കാറിന് സാധിച്ചിട്ടുണ്ട്. എം.എൽ.എ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിൽ തുടരുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായിരുന്നു. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രി 12.30ഓടെയാണ് രാഹുലിനെ പാലക്കാട് കെ.പി.എം ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയടക്കം ഗുരുതര പരാതികളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. വിദേശത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇ-മെയിൽ വഴിയായിരുന്നു പരാതി. വിഡിയോ കോൺഫറൻസ് വഴിയാണ് അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുത്തത്. രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ അറസ്റ്റ് തടഞ്ഞത് ഹൈകോടതി നീട്ടിയിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.