‘ബോർഡിന് പൊലീസിന്റെ പണിയല്ല’; ഷാകിബിനോട് ബി.സി.ബി പ്രസിഡന്‍റ്
ബംഗ്ലാദേശിൽ അവസാന മത്സരം കളിച്ച് വിരമിക്കണമെന്ന മുൻ ബംഗ്ലാദേശ് നായകൻ ഷാകിബ് അൽഹസന്റെ മോഹങ്ങൾക്ക് തിരിച്ചടി. സുരക്ഷിതനായി നാട് വിടാൻ സഹായിച്ചാൽ അവസാന മത്സരം ബംഗ്ലാദേശ് മണ്ണിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഷാകിബിന് സുരക്ഷ ഒരുക്കേണ്ടത് ക്രിക്കറ്റ് ബോർഡിന്റെ ചുമതലയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ബി.സി.ബി പ്രസിഡന്റ് ഫാറൂഖ് അഹ്‌മദ്.board
”സത്യത്തിൽ ബി.സി.ബി ഒരു സുരക്ഷാ ഏജൻസിയോ പോലീസ് റാപിഡ് ആക്ഷൻ ബറ്റാലിയനോ അല്ല. സുരക്ഷാ കാര്യങ്ങൾ അവരുടെ കയ്യിലാണ്. സ്വന്തം നാട്ടിൽ വിരമിക്കൽ ടെസ്റ്റ് കളിക്കുന്നതിനേക്കാൾ വലുതായി ഒന്നുമില്ല എന്നറിയാം. എന്നാൽ ഷാകിബിന്റെ സുരക്ഷാ കാര്യങ്ങൾ എന്റെ കയ്യിൽ അല്ല ഉള്ളത്”- ഫാറൂഖ് അഹ്‌മദ് പറഞ്ഞു.
ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് മുന്നോടിയായാണ് ഷാകിബ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത മാസം ബംഗ്ലാദേശിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയിൽ കളത്തിലിറങ്ങി വിരമിക്കണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. എന്നാൽ തന്റെ സുരക്ഷയെ കുറിച്ച് താന്‍ ആശങ്കാകുലനാണെന്ന് താരം വ്യക്തമാക്കി.
ബംഗ്ലാദേശ് പ്രധാന മന്ത്രിയായിരുന്ന ഷെയ്ക് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ എം.പിയാണ് ഷാകിബ്. ഹസീനക്കെതിരെ രാജ്യത്ത് നടന്ന പ്രക്ഷോപത്തിനിടെ ഒരു യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഷാകിബ് 28ാം പ്രതിയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഷാകിബ് സുരക്ഷ ആവശ്യപ്പെട്ടത്.