‘അത് രോഹിതിന്റെ പിആർ ടീം പറഞ്ഞ് ചെയ്തതല്ല’; വിവാദങ്ങളിൽ പ്രതികരിച്ച് വിദ്യ ബാലന്റെ സോഷ്യൽ മീഡിയ വിഭാഗം
മുംബൈ: ആസ്‌ട്രേലിയൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ മോശം പ്രകടനം ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ച ചർച്ചയാണിപ്പോൾ. പരമ്പരയ്ക്കിടെ ഇന്ത്യൻ ഡ്രെസിങ് റൂമിൽ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ ഏറ്റുമുട്ടുകയും താരത്തോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽനിന്ന് രോഹിത് പിന്മാറുകയും ചെയ്തു.social media
രോഹിതിന്റെ നടപടിയെ പ്രകീർത്തിച്ചും താരത്തിന്റെ മോശം പ്രകടനത്തിൽ വിമർശിച്ചും സോഷ്യൽ മീഡിയയിൽ ഫാൻസും വിമർശകരും കൊമ്പുകോർക്കുന്നതിനിടെയാണ് ബോളിവുഡ് താരം വിദ്യ ബാലൻ അപ്രതീക്ഷിതമായി വിവാദങ്ങൾക്കു നടുവിലെത്തുന്നത്. സോഷ്യൽ മീഡിയയിൽ രോഹിതിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തുകയായിരുന്നു വിദ്യ ബാലൻ. എന്നാൽ, രോഹിത് ശർമയുടെ പിആർ ഗ്യാങ്ങാണ് നടിയുടെ പോസ്റ്റിനു പിന്നിലെന്ന് എതിരാളികൾ ആരോപിച്ചു. ഇതോടെ വിദ്യയുടെ സോഷ്യൽ മീഡിയ ടീം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
‘അവസാന ടെസ്റ്റ് മത്സരത്തിൽനിന്ന് താരമെന്ന നിലയ്ക്കും ക്യാപ്റ്റനെന്ന നിലയിലും പിന്മാറി രോഹിത് ശർമ കാണിച്ച മര്യാദയിൽ ആരാധന പ്രകടിപ്പിച്ച് വിദ്യ ബാലൻ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. രോഹിതിന്റെ പിആർ ടീം പറഞ്ഞിട്ടല്ല; താരത്തിന്റെ നിസ്വാർഥ ഇടപെടലിൽ ആകൃഷ്ടയായി സ്വന്തം ഇഷ്ടപ്രകാരമാണ് വിദ്യ ആ പോസ്റ്റിട്ടത്. കടുത്ത സ്‌പോർട്‌സ് ആരാധികയൊന്നുമല്ല വിദ്യ. എന്നാൽ, പ്രയാസം നിറഞ്ഞ ഘട്ടങ്ങളിൽ കുലീനതയും ഉയർന്ന വ്യക്തിത്വ ഗുണവും പ്രകടിപ്പിക്കുന്നവരുടെ ആരാധികയാണ് അവർ. പ്രശംസനീയമായി തോന്നിയ ഒരു സംഗതിയിൽ സ്വാഭാവികമായുണ്ടായ പ്രതികരണത്തെ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്തുന്നത് അപഹാസ്യമാണ്.’-വിശദീകരണക്കുറിപ്പിൽ വിദ്യ ബാലന്റെ സോഷ്യൽ മീഡിയ ടീം വ്യക്തമാക്കി.
എന്തൊരു ‘സൂപ്പർസ്റ്റാർ’ ആണ് രോഹിത് ശർമ എന്നായിരുന്നു വിദ്യ ബാലൻ എക്‌സിൽ കുറിച്ചത്. ‘ഇടയ്‌ക്കൊരു ഇടവേളയെടുത്ത് വിശ്രമത്തിലേക്കു മാറാൻ ആർജവം വേണം. കൂടുതൽ കരുത്തു വരട്ടെ. ആദരം’-രോഹിത് ശർമയെ ടാഗ് ചെയ്ത് വിദ്യ പറഞ്ഞു. പോസ്റ്റിനു പിന്നാലെ നടിയെ അഭിനന്ദിച്ചു നിരവധി പേർ രംഗത്തെത്തി. എന്നാൽ, രോഹിതിന്റെ പിആർ ആണ് നടി ഏറ്റെടുത്തിരിക്കുന്നതെന്ന വിമർശനവുമായും ഒരു വിഭാഗം രംഗത്തെത്തി.
രോഹിതിനെ അനുകൂലിച്ചും കോച്ച് ഗംഭീറിനെ വിമർശിച്ചും ആരാധകരുടെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ പോര് മുറുകുന്നതിനിടെയായിരുന്നു നടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. രോഹിതിനു വേണ്ടി പിആർ ടീം സോഷ്യൽ മീഡിയ കാംപയിൻ നടത്തുന്നതായി ആക്ഷേപമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് വിദ്യ ബാലന്റെ പോസ്‌റ്റെന്നായിരുന്നു ആരോപണം. മറ്റാരോ അയച്ചുകൊടുത്ത ഒരു മെസേജിന്റെ സ്‌ക്രീൻഷോട്ട് ആയിരുന്നു നടി ആദ്യം പോസ്റ്റ് ചെയ്തതെന്നും അബദ്ധം സംഭവിച്ചെന്നു വ്യക്തമായി ഉടൻ തന്നെ നീക്കം ചെയ്യുകയായിരുന്നുവെന്നും അവകാശപ്പെട്ടും കുറിപ്പുകൾ പ്രചരിച്ചു. ഇതോടെയാണിപ്പോൾ നടിയുടെ സോഷ്യൽ മീഡിയ ടീം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതായുള്ള പ്രചാരണങ്ങൾ രോഹിത് ശർമ തള്ളിയിട്ടുണ്ട്. നിലവിൽ മോശം ഫോമിലാണെന്നതു കൊണ്ട് അഞ്ചു മാസം കഴിഞ്ഞാൽ കളി നിർത്തുമെന്ന് അർഥമില്ലെന്ന് ‘സ്റ്റാർ സ്‌പോർട്‌സി’നു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ അഞ്ചോ ആറോ മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന സംഭവങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. തൊട്ടടുത്ത ഭാവിയിൽ ചെയ്യേണ്ട കാര്യത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ അഞ്ചു മത്സരങ്ങളിലായിരുന്നു ഞങ്ങളുടെ എല്ലാ ശ്രദ്ധയും. കിരീടം നിലനിർത്താൻ വിജയം വേണമായിരുന്നു. അതുകൊണ്ടാണ് ടീമിനു പ്രാധാന്യം നൽകിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു.