വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവായി; 201-250 യൂണിറ്റ് വരെ 20 രൂപയുടെ വർധന, 40 യൂണിറ്റ് വരെ നിരക്ക് വർധനവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവായി. അടുത്ത ഒരു വർഷത്തേക്കുള്ള നിരക്കാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചത്. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് വർധനയില്ല.
പ്രതിമാസം 50 യൂണിറ്റ് വരെ 5 രൂപയും 51-100 യൂണിറ്റിന് 10 രൂപയും നിരക്ക് വർധിപ്പിച്ചു. 101-150 യൂണിറ്റിന് 15 രൂപയും 151-200 യൂണിറ്റിന് 20 രൂപയും 201- 250 യൂണിറ്റ് 20 രൂപയുമാണ് വർധിപ്പിച്ചത്.
വ്യവസായ സ്ഥാപനങ്ങളുടെ നിരക്ക് വർധന 1.5 ശതമാനം മുതൽ 3 ശതമാനം വരെയാണ്. കൃഷിക്ക് യൂണിറ്റിന് 20 പൈസ നിരക്ക് കൂടി. സ്കൂൾ, കോളജ്, ആശുപത്രി എന്നിവക്ക് 2.5 ശതമാനം നിരക്ക് വർധിപ്പിച്ചു. ഫിക്സഡ് ചാർജിലും വർധന വരുത്തി. അതേസമയം, ഐ.ടി വ്യവസായത്തിന് നിരക്ക് വർധനവില്ല.
നിരക്ക് വർധനവിലൂടെ കെ.എസ്.ഇ.ബി 531 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന അധിക വരുമാനം. നവംബർ 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. 2024 ജൂൺ 30 വരെയാണ് പുതിയ നിരക്കിന്‍റെ കാലാവധി.
വൈദ്യുതി നിരക്ക് യൂണിറ്റിന് 41 പൈസ വരെ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി നേരത്തെ ആവശ്യപ്പെട്ടത്. എന്നാൽ, പരമാവധി യൂണിറ്റിന് 20 പൈസക്ക് താഴെയുള്ള വർധനവാണ് റെഗുലേറ്ററി കമീഷൻ അംഗീകരിച്ചത്.