‘അധികാരത്തിനായി പാർട്ടിയെ തകർക്കുന്നത് നല്ലതല്ല’: ദിലീപ് വാൽസെയെയും അജിത് പവാറിനെയും കടന്നാക്രമിച്ച് ശരദ് പവാർ
മുംബൈ: മന്ത്രി ദിലീപ് വാൽസെ പാട്ടീൽ ഉൾപ്പെടെയുള്ള എൻസിപി അജിത് പവാർ വിഭാഗം നേതാക്കളെ കടന്നാക്രമിച്ച് എൻസിപി (എസ്പി) തലവൻ ശരദ് പവാർ. അധികാരത്തിനുവേണ്ടി എൻസിപിയെ തകർത്ത നീക്കം ഉചിതമല്ലെന്നായിരുന്നു ശരദ് പവാറിൻ്റെ പരാമർശം. സിറ്റിങ് എംഎൽഎ വാൽസെ പാട്ടീലിനെതിരെ അംബേഗാവിൽ എൻസിപി (എസ്പി) മത്സരിപ്പിച്ച ദേവദത്ത നികത്തിൻ്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.Sharad Pawar
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി ഒറ്റക്കെട്ടായി പോരാടി 54 സീറ്റുകൾ നേടി. എംവിഎ സർക്കാർ രൂപീകരിക്കുകയും ആ സർക്കാരിൽ ജില്ലയിൽ നിന്നുള്ള രണ്ട് സഹപ്രവർത്തകർക്ക് പ്രാതിനിധ്യം നൽകുകയും ചെയ്തു. വാൽസെ പാട്ടീലിനെയും അജിത് പവാറിനെയും ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം.
ഈ നേതാക്കൾക്ക് അധികാരം നൽകിയത് പാർട്ടിയാണ്. പാർട്ടിയുടെ വിജയത്തിന് കാരണം എൻസിപി പ്രവർത്തകരുടെ കഠിനാധ്വാനമായിരുന്നു. എന്നാൽ ഞങ്ങളുടെ സഹപ്രവർത്തകരിൽ ചിലർ ഇത് ഓർത്തില്ല. അവർ 54 എംഎൽഎമാരിൽ 44 പേരെയും കൊണ്ടുപോയി മറുവശത്ത് ചേർന്ന് സംസ്ഥാനത്ത് തെറ്റായ ചിത്രം സൃഷ്ടിച്ചു. അവർ ആഗ്രഹിച്ച അധികാരം അവർക്ക് കിട്ടി. പാർട്ടിയെ തകർത്ത് അധികാരം നേടാനുള്ള നീക്കം ഉചിതമായിരുന്നില്ല- ശരദ് പവാർ പറഞ്ഞു.
2023-ൽ അജിത് പവാറും തൻ്റെ പാർട്ടിയിലെ എംഎൽഎമാരും ബിജെപിക്കും ഷിൻഡേ ശിവസേനയ്ക്കും ഒപ്പം ഭരണകക്ഷിയായ മഹായുതി സഖ്യത്തിൻ്റെ ഭാഗമായതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. അജിത് പവാറിന് പാർട്ടിയുടെ പേരും ഔദ്യോഗിക ക്ലോക്ക് ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ചിരുന്നു.
സീറ്റ് വിഭജന തർക്കങ്ങൾ പരിഹരിച്ചതോടെ മഹാരാഷ്ട്രയിൽ പ്രചാരണരംഗത്ത് പാർട്ടികൾ സജീവമാണ്. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ പൊതുയോഗങ്ങളും റാലികളും അടക്കം നടത്താനാണ് തീരുമാനം. ഇരു മുന്നണികളിലെയും വിമതഭീഷണി പരിഹരിക്കാനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് ഇനി 20 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നാമ നിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രചാരണച്ചൂടും ശക്തമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ 31 സീറ്റുകളിലെ വിജയം ഇൻഡ്യാ മുന്നണിക്ക് ആവേശം പകരുന്നുണ്ട്. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 103 സീറ്റിലും എൻസിപി ശരദ് പവർ വിഭാഗം 86 സീറ്റിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 96 സീറ്റുകളിലുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയും പെസൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിയുമാണ് മത്സരിക്കുന്നത്.
അതേസമയം മഹായുതി സഖ്യത്തിൽ, ബിജെപി 148 സീറ്റുകളിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്. ശിവസേന ഷിൻഡെ പക്ഷം 80 സീറ്റുകളിൽ മത്സരിക്കും. എൻസിപി അജിത് പവാർ പക്ഷം 52 സീറ്റുകളിലും പത്രിക സമർപ്പിച്ചിട്ടുണ്ട്. നവംബർ നാലിനാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ നവംബർ 20നാണ് വോട്ടെടുപ്പ്.