‘നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കി തരാം’; കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്‍റെ ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്‍റുമായ വി.ആർ സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്. പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്നും താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു സജിയോടു പറഞ്ഞു. നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നും സജിയുടെ പ്രതികരണം. പണി മനസിലാക്കി തരാമെന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കിൽ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികിൽസാർത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി- കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകർക്ക് ഘട്ടം ഘട്ടമായി പണം നൽകുന്നുണ്ടെന്നുമാണ് ബാങ്കധികൃതരുടെ വിശദീകരണം.
അതേസമയം സംഭവത്തില്‍ ബാങ്ക് ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്തേക്കും. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജ മോൾ എന്നിവരുടെ മൊഴികളാണ് പൊലീസ് ആദ്യം രേഖപ്പെടുത്തുക. ബാങ്കുമായി ബന്ധപ്പെട്ടവർ സാബുവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുവിന്‍റെ ആരോപണവും പരിശോധിക്കും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സാബുവിന്‍റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുനിന്ന് ബന്ധുക്കൾ വന്നതിനുശേഷമാകും സംസ്കാരം. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് കോൺഗ്രസിൻ്റെയും ബിജെപിയുടെയും തീരുമാനം. അതിനിടെ സാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് ബാങ്ക് ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു