ഇസ്രായേൽ ആക്രമണത്തിൽ ‘പ്രേത നഗരമായി’ ജെനിൻ അഭയാർഥി ക്യാമ്പ്

Ghost City

വെസ്റ്റ് ബാങ്ക്: ഇസ്രായേലിന്റെ കനത്ത ആക്രമണത്തിൽ ‘പ്രേതനഗരമായി’ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ നാശനഷ്ടമാണ് ജെനിനിൽ ഉണ്ടായിരിക്കുന്നത് എന്നാണ് പ്രദേശവാസികളും ഉദ്യോഗസ്ഥരും പറയുന്നത്. ഇറാൻ പിന്തുണയുള്ള സംഘടനകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ വാദം.Ghost City

ആക്രമണത്തിന് മുമ്പ് ജെനിൻ വിട്ടുപോകാൻ ഡ്രോണുകളിലെ ലൗഡ് സ്പീക്കർ വഴി സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. സാധ്യമായതെല്ലാം എടുത്ത് ആയിരക്കണക്കിന് ഫലസ്തീനികളാണ് ജെനിൻ വിട്ടത്. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തെ തുടർന്ന് ജെനിൻ ഏകദേശം പൂർണമായും വിജനമാണ്.

റോഡുകളും അടിസ്ഥാന സൗകര്യങ്ങളും പൂർണമായും തകർത്ത ഇസ്രായേൽ സൈന്യം ബഹുനില കെട്ടിടങ്ങളും തകർത്തിട്ടുണ്ട്. ”ഡ്രോൺ മുന്നറിയിപ്പ് നൽകുന്നത് വരെ ഞങ്ങൾ വീടുകളിൽ തന്നെ തുടർന്നു. ആക്രമണം നടത്താൻ പോവുകയാണെന്നും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് ലഭിച്ചതോടെ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രമായി വീട് വിട്ടു. ഞങ്ങൾക്ക് മറ്റൊന്നും എടുക്കാൻ കഴിയുമായിരുന്നി. ക്യാമ്പ് ഇപ്പോൾ പൂർണമായും ഒഴിഞ്ഞ നിലയിലാണ്”- ജെനിൻ സ്വദേശിയായ ഖലീൽ ഹുവൈൽ പറഞ്ഞു. 39 കാരനായ ഹുവൈൽ തന്റെ നാല് മക്കളെയും കൂട്ടി കുടുംബസമേതമാണ് ക്യാമ്പ് വിട്ടത്.

23 കെട്ടിടങ്ങൾ തകർത്തെന്നും ആവശ്യമുള്ളയിടത്തെല്ലാം ഇനിയും ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്. ഗസ്സയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽവന്നതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം രൂക്ഷമായ ആക്രമണം തുടങ്ങിയത്. ഗസ്സയിലെ വെടിനിർത്തലിന്റെ ആശ്വാസം ഇല്ലാതാക്കുന്നതാണ് ജെനിനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണമെന്ന് ഫലസ്തീനിലെ യുഎൻ റിലീഫ് ഏജൻസി അധികൃതർ പറഞ്ഞു.

1948ൽ ഇസ്രായേൽ രൂപവത്കരണത്തിന് പിന്നാലെ വീടുകളിൽനിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികളുടെ പിൻഗാമികളാണ് ഇപ്പോഴും ജെനിൻ അഭയാർഥി ക്യാമ്പിൽ താമസിക്കുന്നത്. 2002ൽ രണ്ടാം ഇൻതിഫാദയുടെ സമയത്തും ഇസ്രായേൽ ജെനിൻ അഭയാർഥി ക്യാമ്പിൽ കടുത്ത ആക്രമണം നടത്തിയിരുന്നു. അഭയാർഥി ക്യാമ്പിൽ 3490 കുടുംബങ്ങൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ 100 പേർ മാത്രമാണ് ശേഷിക്കുന്നതെന്നും ജെനിൻ ഗവർണർ കമാൽ അബ്ദുറബ്ബ് പറഞ്ഞു. 2002ൽ ഉണ്ടായതിനെക്കാൾ മോശമാണ് നിലവിലെ അവസ്ഥയെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *