ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിനെ ജോറൂട്ട് മറികടന്നേക്കും -റിക്കി പോണ്ടിങ്
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് ഇംഗ്ലീഷ് താരം ജോ റൂട്ട് തകർക്കുമെന്ന് ആസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. 33 കാരനായ റൂട്ട് 143 ടെസ്റ്റുകളിൽ നിന്നും 12,027 റൺസ് നേടിയിട്ടുണ്ട്. 200 ടെസ്റ്റുകളിൽ നിന്ന് 15,921 റൺസാണ് സച്ചിന്റെ സമ്പാദ്യം.Ricky Ponting
‘‘റൂട്ടിന് അതിനുള്ള കഴിവുണ്ട്. റൂട്ടിന് ഇപ്പോൾ 33 വയസ്സാണ്. 3000 റൺസിനാണ് പിന്നിലുള്ളത്. എത്ര മത്സരങ്ങൾ കളിക്കുമെന്നത് അനുസരിച്ചാകും അത് തീരുമാനിക്കപ്പെടുക. ഒരുവർഷം 10 മുതൽ 14 വരെ ടെസ്റ്റ് മത്സരങ്ങൾ നടക്കുകയും ഒരു വർഷം 800 മുതൽ 1000 റൺസ് വരെ നേടുകയും വേണം. സച്ചിന്റെ റെക്കോർഡ് തകർക്കണമെങ്കിൽ ഒരു 37 വയസ്സുവരെ റൂട്ട് കളിക്കേണ്ടി വരും’’
‘‘അതിനുള്ള ദാഹമുണ്ടെങ്കിൽ തീർച്ചയായും അത് സംഭവിക്കും. അവസാനത്തെ കുറച്ച് വർഷങ്ങളായി അവൻ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയുമാണ്. ബാറ്റർമാർ അവരുടെ ഏറ്റവും മികച്ച ഫോമിലെത്തുക പ്രായം 30 പിന്നിട്ടതിന് ശേഷമുള്ള ആദ്യ വർഷങ്ങളിലാണെന്ന് പറയാറുണ്ട്. റൂട്ടും അങ്ങനെയാണ്. ആദ്യം 50കളിൽ പുറത്തായിരുന്ന റൂട്ട് ഇപ്പോൾ അത് സെഞ്ച്വറികളിലേക്ക് പരിവർത്തിക്കുന്നുണ്ട്’’-പോണ്ടിങ് പറഞ്ഞു.
നിലവിൽ സച്ചിന് പിറകിൽ രണ്ടാമതുള്ളത് പോണ്ടിങ്ങാണ്. 168 മത്സരങ്ങളിൽ നിന്നും 13378 റൺസാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം.