നീതി ലഭിച്ചില്ല: ഐസിയു പീഡനക്കേസിലെ പരാതിക്കാരി ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യു പീഡനക്കേസിൽ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്നും സ്വാധീനിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യം. മെഡിക്കൽ കോളജിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ലെന്നും പരാതിക്കാരി.

സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണസമിതി രൂപീകരിച്ചിരുന്നു. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ സസ്‌പെൻഷൻ പിൻവലിച്ചതിനാണ് അന്വേഷണസമിതി രൂപീകരിച്ചത്. ഈ മാസം 31ന് നടക്കുന്ന തെളിവെടുപ്പിന് ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്ത അഞ്ചുപേരുടെ സസ്‌പെൻഷൻ ആരോഗ്യ വകുപ്പ് അറിയാതെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പിൻവലിച്ചത്. ഇതിനെതിരെ പരാതിക്കാരി ആരോഗ്യവകുപ്പിനെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് അന്വേഷണസമിതി രൂപീകരിച്ചത്. ആരോഗ്യ വകുപ്പ് അറിയാതെ എങ്ങനെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി വിരമിക്കുന്ന ദിവസം തന്നെയാണ് പ്രതികളെ തിരിച്ചെടുത്തത്. അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൻമേൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി തേടുന്നതിനായി സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് താൽക്കാലികമായി റദ്ദാക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. നടപടി പിൻവലിക്കുന്നതിന് മുൻപ് ആരോടും അനുമതി തേടിയിട്ടില്ല എ ന്നും അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചിട്ടുമില്ല എന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. എന്നാൽ ആരുടെ നിർദേശപ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്നതിൽ വ്യക്തതയില്ല. ഇക്കാര്യങ്ങളെല്ലാം അന്വേഷണ സമിതി വിശദമായി പരിശോധിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *