കെ. ലതേഷ് വധക്കേസ്: ഏഴ് ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
കണ്ണൂർ: സി.പി.എം നേതാവ് തലശ്ശേരി തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1,40,000 രൂപ പിഴയും ചുമത്തി. നാല് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒൻപത് മുതല്‍ 12 വരെയുള്ള നാല് പ്രതികള കേസിൽ വെറുതെ വിട്ടു. കേസിന്‍റെ വിചാരണ കാലയളവിൽ 8ാം പ്രതി മരിച്ചിരുന്നു. മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവും സി.പി.എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ.ലതേഷിനെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികള്‍ വെട്ടിക്കൊന്നത്.
ആക്രമണത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതരമായി പരിക്കേറ്റു. ബോംബേറില്‍ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവർ ചികിത്സയിലായിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.
ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ പിന്തുടർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്‍റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ പ്രതികൾ വെട്ടിക്കൊല്ലുകയായിരുന്നു.
