കളമശ്ശേരി സ്ഫോടനം, സംസ്ഥാനത്ത് ജാഗ്രതനിർദേശം.

കൊച്ചി: കളമ​ശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിർദേശം. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു സംസ്ഥാന പൊലീസിന്റെ നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫോറൻസിക് വിദഗ്ധരും കളമശേരിയിലെത്തിയിട്ടുണ്ട്.

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഇന്റലിജൻസ് എ.ഡി.ജി.പിയും സ്ഥലത്തെത്തും. എൻ.ഐ.എയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്ന് രാവിലെയാണ് കളമ​ശ്ശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററിൽ. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000 ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

രാവിലെ സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടായി. മൂന്നുനാലിടങ്ങളിൽ ഇത്തരത്തിലുള്ള പൊട്ടിത്തെറിയുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. എറണാകുളം ഡി.സി.പി അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് പ്രാഥമിക വിവരം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *