കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ തന്നെ, സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സ്ഥിരീകരണം. മാർട്ടിന്റെ കയ്യിൽ നിന്ന് പൊലീസിന് റിമോട്ട് ലഭിച്ചതായാണ് സൂചന.

സ്‌ഫോടനത്തിന് ശേഷം കൺവൻഷൻ സെന്ററിൽ നിന്നിറങ്ങി മാർട്ടിൻ നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് ശേഷം തൃശൂരിലെത്തി ഫേസ്ബുക്ക് ലൈവ് പങ്കുവച്ച ശേഷം കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് നിഗമനം.

പ്രതിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കിട്ടിയിട്ടുണ്ടോ എന്നുള്ളതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്. ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമായതിനാൽ തന്നെ ഇത്തരമൊരു പരിശോധനക്ക് കാര്യമായ പ്രസക്തിയുണ്ട്. പ്രതിയെ നിലവിൽ കളമശ്ശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

യഹോവ സാക്ഷികളുടെ മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. 9.30ക്ക് പ്രാർഥന തുടങ്ങി എല്ലാവരും കണ്ണടച്ചിരിക്കുന്ന സമയത്തായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. യഹോവ സാക്ഷികളോടുള്ള വിരോധമാണ് മാർട്ടിനെ സ്‌ഫോടനത്തിന് പ്രേരിപ്പിച്ചതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇത് ശരിവയ്ക്കുന്നത് തന്നെയാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റും.

തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാൾ ലൈവിൽ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഈ അക്കൗണ്ട് പൊടുന്നനെ അപ്രത്യക്ഷമായി. ഈ പേജ് നിലവിൽ ലഭ്യമല്ല.

അതേസമയം, പ്രതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസിന് നേരത്തേ തന്നെ ലഭിച്ചിരുന്നു എന്നു വേണം കരുതാൻ. സ്‌ഫോടനം നടന്ന സെന്ററിന് അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുന്ന സമയം തന്നെയാണ് ഇയാൾ കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി മാർട്ടിൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നതായാണ് വിവരം. എന്തിനാണ് സ്‌ഫോടനം നടത്തിയതെന്നും മറ്റും മനസ്സിലാക്കാനുള്ള ചോദ്യം ചെയ്യലാണ് പൊലീസ് പിന്നീട് നടത്തിയതെന്ന് വേണം മനസ്സിലാക്കാൻ.

മാർട്ടിനെക്കുറിച്ചും കേസിനെക്കുറിച്ചും കൂടുതലറിഞ്ഞതിന് ശേഷം പ്രതി മാർട്ടിനെന്ന് വെളിപ്പെടുത്താം എന്നതായിരുന്നു പൊലീസിന്റെ നിലപാടെന്ന് വേണം മനസ്സിലാക്കാൻ. കൃത്യമായ ആസൂത്രണം സ്‌ഫോടനത്തിന് പിന്നിലുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

സഭയോടുള്ള വിരോധമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് വെളിപ്പെടുത്തി നേരത്തേ മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ് പുറത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *