കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്: മുഖ്യപ്രതി അക്ബറിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

Kaloor girls attack case: Shocking details emerge about main accused Akbar

 

കൊച്ചി: എറണാകുളം കലൂരിൽ രാത്രി നടക്കാനിറങ്ങിയ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബറിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇയാൾ കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പെൺവാണിഭം നടത്തിയിരുന്നതായി പൊലീസ്. മുറികൾ വാടകക്കെടുത്ത് യുവതികളെ പാർപ്പിച്ചായിരുന്നു ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് പണം സമ്പാദിച്ചിരുന്നത്. കേസിൽ പിടിയിലായ മറ്റ് പ്രതികളും ഇതേ കെട്ടിടത്തിൽ തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

മലയാളികൾക്ക് പുറമെ തമിഴ്‌നാട് സ്വദേശിനികളെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെയും എത്തിച്ചാണ് അക്ബർ പെൺവാണിഭ സംഘം നടത്തിയിരുന്നത്. ഈ കെട്ടിടത്തിന്റെ പൂർണ്ണ നിയന്ത്രണം അക്ബറിനായിരുന്നു. പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയതോടെ അക്ബർ ഈ കെട്ടിടം പൂട്ടി ഒളിവിൽ പോവുകയായിരുന്നു. പാലക്കാട് സ്വദേശിയായ ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ പാലക്കാട് ആണ് കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രതിക്കായി പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. പെൺവാണിഭ സംഘത്തിൽ അകപ്പെട്ട യുവതികളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

കലൂർ ചക്കാലപ്പാടം റോഡിൽ കഴിഞ്ഞദിവസം പുലർച്ചെ 4. 30 ഓടെയാണ് സംഭവം. പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെൺകുട്ടികളെ ഒരു സംഘം യുവാക്കളാണ് ആക്രമിച്ചത്. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈൾ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെൺകുട്ടിക്ക് പരിക്കേറ്റു.

രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 8 പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. പെൺകുട്ടികളെ മർദ്ദിച്ച ശേഷം യുവാക്കൾ ഓടിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിൽ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. പ്രതികൾക്കെതിരെ സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *