മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായി, ആചാര ലംഘനത്തിന് കൂട്ടുനിന്നു; റിമാൻഡ് റിപ്പോർട്ട് പുറത്ത്



കൊല്ലം: ശബരിമല സ്വർണകവർച്ച കേസിൽ അറസ്റ്റ് ചെയ്ത മുൻ തന്ത്രി ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിൽ കണ്ഠര് രാജീവര് (66) റിമാൻഡിൽ. ശബരിമലയിൽ നിന്ന് സ്വർണപ്പാളി കൊണ്ടുപോകാൻ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ ഇദ്ദേഹം പങ്കാളിയായതായി എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു എന്ന കുറ്റമാണ് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നത്.

കേസിൽ 13ാം പ്രതിയായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ആണ് 23 വരെ റിമാൻഡ് ചെയ്തതത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സ്പെഷൽ ജയിലിലേക്ക് അയച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കൽ, അഴിമതി നിരോധന നിയമത്തിന് കീഴിലെ പൊതുസ്വത്ത് അപഹരിക്കൽ, ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2019 മെയ് 18ന് തിരുവാഭരണം കമീഷണർ ആയിരുന്ന നാലാം പ്രതി കെ.എസ്. ബൈജുവിന്‍റെ നേതൃത്വത്തിൽ കട്ടിളപാളികളും അനുബന്ധ പ്രഭാമണ്ഡല പാളികളും ഇളക്കി തൂക്കി നോക്കി ക്ഷേത്രത്തിന് പുറത്ത് കൊണ്ടുപോകാൻ ഒത്താശ ചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നു എന്നാണ് തന്ത്രിക്കെതിരായ കണ്ടെത്തൽ. വിജയ് മല്യയുടെ യു.ബി ഗ്രൂപ്പ് 1998-99 കാലയളവിൽ ശ്രീകോവിൽ സ്വർണം പൂശുന്ന പ്രവൃത്തി ചെയ്തപ്പോൾ തന്ത്രി സ്ഥാനം വഹിച്ചിരുന്നത് കണ്ഠര് രാജീവര് ആയിരുന്നു. അതിനാൽ കട്ടിളപ്പാളിയിൽ സ്വർണം പതിച്ചിരുന്നു എന്ന് അദേഹത്തിന് അറിവുണ്ടായിരുന്നു.

വിലപിടിച്ച വസ്തുക്കൾ ക്ഷേത്രത്തിന് പുറത്തുകൊണ്ടുപോകാൻ പാടില്ലെന്നും സന്നിധാനത്ത് വെച്ചുതന്നെ അറ്റകുറ്റപണികൾ നടത്തണമെന്നും തന്ത്രിസ്ഥാനം വഹിച്ചിട്ടുള്ളയാൾക്ക് അറിവുള്ളതാണ്. ദേവന്റെ അനുജ്ഞ വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറിയത്. ഇത് ദേവസ്വം ബോർഡിനെ അറിയിച്ചില്ല. തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ എത്തിച്ചു.

തന്ത്രിയുടെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.ഇതോടെ, സ്വർണക്കവർച്ച‍യിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ശബരിമലയിൽ പോറ്റിയെ കേറ്റിയതും ശക്തനാക്കിയതും തന്ത്രി രാജീവര് ആയിരുന്നുവെന്നും തന്ത്രിയുടെ ആളാണെന്ന നിലയിലാണ് സന്നിധാനത്തും ദേവസ്വം ഉദ്യോഗസ്ഥർക്കിടയിലും ഉണ്ണികൃഷ്ണൻ പോറ്റി സ്വാധീനം ഉറപ്പിച്ചതെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

തന്ത്രിയുടെ അനുമതിയോടെയാണ് സ്വർണം പതിച്ച പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതെന്നും ദൈവതുല്യനായി കണ്ടവർ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പത്മകുമാർ എസ്.ഐ.ടിക്ക് മുന്നിൽ ആവർത്തിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തന്ത്രിയെ ചോദ്യം ചെയ്തെങ്കിലും പത്മകുമാറിന്‍റെയും ഉദ്യോഗസ്ഥരുടെയും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.