നാളെ ബൂത്തിൽ: 14 ജില്ലകളുടെയും മനസിലിരിപ്പിങ്ങനെ…
കോഴിക്കോട്: ഇന്ന് നിശബ്ദപ്രചാരണം. 14 ജില്ലകളിലെയും ജനങ്ങളുടെ മനസിലിരിപ്പ് പരിശോധിക്കുകയാണിവിടെ. കാസർകോട്ടെ അഞ്ചു മണ്ഡലങ്ങളിൽ എൽ.ഡി.എഫ് (മൂന്ന്)-യു.ഡി.എഫ് (രണ്ട്) എന്ന പതിവുനില തുടർന്നേക്കും. മഞ്ചേശ്വരം ബി.ജെ.പി പിടിക്കുമോ, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ അട്ടിമറിക്കുമോ, ലോക്സഭയിലും തദ്ദേശത്തിലും യു.ഡി.എഫിന് മുൻതൂക്കം നൽകിയ ഉദുമ അത് ആവർത്തിക്കുമോ എന്നതൊക്കെയാണ് ഉറ്റുനോക്കുന്നത്. മഞ്ചേശ്വരത്ത് ഇക്കുറിയും ബി.ജെ.പി- യു.ഡി.എഫ് മത്സരമാണ്. എസ്.ഐ.ആറിൽ ഏറ്റവും കൂടുതൽ വോട്ട് തള്ളിയത് ബി.ജെ.പി പോക്കറ്റുകളിലാണ്. അതിന്റെ പകുതിയേ യു.ഡി.എഫ് നഷ്ടമായിട്ടുള്ളൂ. ചേർക്കുന്നതിലും യു.ഡി.എഫ് തന്നെ മുന്നിൽ. മഞ്ചേശ്വരത്തെ ബി.ജെ.പിയുടെ ആത്മവിശ്വാസക്കുറവ് ഫലം ഇപ്പോഴേ വിളിച്ചുപറയുന്നു. യു.ഡി.എഫിന് അനുകൂലമാണ് പ്രത്യക്ഷത്തിലും പരോക്ഷത്തിലും ഇവിടുത്തെ കാറ്റ്.
11 മണ്ഡലങ്ങളുള്ള കണ്ണൂരിൽ നാലിടത്താണ് കടുത്ത മത്സരം. എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളായ പയ്യന്നൂർ, തളിപ്പറമ്പ്, അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. സി.പി.എം വിട്ട് യു.ഡി.എഫ് സ്ഥാനാർഥിയായ വി. കുഞ്ഞികൃഷ്ണന്റെ മത്സരത്തിലൂടെയാണ് പയ്യന്നൂരിലെ കണക്കുകൾ വഴിമാറുന്നത്. സി.പി.എം വിട്ട ടി.കെ.ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തിലൂടെയാണ് തളിപ്പറമ്പ് സംസ്ഥാന ശ്രദ്ധ നേടുന്നത്. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളക്കെതിരായ വികാരം വോട്ടാവുകയും പാർട്ടി വോട്ടുകൾ മറിയുകയും ചെയ്താലേ തളിപ്പറമ്പിലും അദ്ഭുതം സംഭവിക്കൂ. അടിയൊഴുക്കുകളുടെ ആഴമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും ഗതി നിർണയിക്കുക.
കോഴിക്കോട് 13 മണ്ഡലങ്ങളിൽ 2021ലും 2016ലും 11 സീറ്റുകൾ എൽ.ഡി.എഫ് നേടിയതാണ്. ഇത്തവണ ആറ് -എട്ട് സീറ്റുകളിൽ അട്ടിമറിയെന്ന് യു.ഡി.എഫ്. അതേസമയം കോട്ടകൾ ഇളകില്ലെന്ന് എൽ.ഡി.എഫ്. എല്ലായിടത്തും തീപാറും പോരാട്ടമാണ്. പേരാമ്പ്രയും ബേപ്പൂരുമാണ് സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ. മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുന്ന പി. വി. അൻവർ അവസാന ലാപിൽ അസാധാരണ മത്സരം കാഴ്ചവെക്കുന്നുണ്ട്. പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരായ വർഗീയ പരാമർശങ്ങൾ എൽ.ഡി.എഫിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം.
കഴിഞ്ഞതവണ 14ൽ 13 മണ്ഡലങ്ങളും കണ്ണുമടച്ച് ഇടതുമുന്നണിക്ക് നൽകിയ തിരുവനന്തപുരത്തിന് ഇക്കുറി സമ്മിശ്ര മനസ്സാണ്. സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, കഴക്കൂട്ടം, നേമം, വർക്കല, വാമനപുരം, കാട്ടാക്കട എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് എൽ.ഡി.എഫ് നേരിടുന്നത്.
12 മണ്ഡലങ്ങളുള്ള പാലക്കാട്ട് രണ്ട് മണ്ഡലങ്ങൾ കൈപ്പിടിയിലാക്കാൻ ബി.ജെ.പി തന്ത്രങ്ങൾ മെനയുന്നു. പാലക്കാടും മലമ്പുഴയിലുമാണ് ബി.ജെ.പി പ്രതീക്ഷ. തീപാറും മത്സരം നടക്കുന്നത് തൃത്താലയിലാണ്. സംവാദങ്ങളും പോർവിളികളുമായി മുന്നേറുന്ന ഇവിടുത്തെ പരാജയം ഇരുകൂട്ടർക്കും പോറലുണ്ടാക്കും. സി.പി.എമ്മിലെ വിമത കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന പി.കെ. ശശിയുടെ സാന്നിധ്യം ഒറ്റപ്പാലത്തിന് പുറമെ കോങ്ങാട്, മണ്ണാർക്കാട്, ഷൊർണൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ യു.ഡി.എഫിന് പ്രതീക്ഷ.
മലപ്പുറത്ത് 16 മണ്ഡലങ്ങളിൽ മത്സരം നടക്കുന്നത് പൊന്നാനിയിലും തവനൂരിലും മാത്രം. ബാക്കി 14 ലും യു.ഡി.എഫിന് വ്യക്തമായ മേൽകൈയുണ്ട്. ഇത്തവണ 16ൽ 16 എന്ന് യു.ഡി.എഫ്.
അഞ്ച് മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ല പൊതുവേ യു.ഡി.എഫ് ശക്തികേന്ദ്രമാണ്. എന്നാൽ, ആറന്മുളയിലും തിരുവല്ലയിലും മത്സരം പ്രവചനാതീതമാണ്. ശബരിമല സ്വർണകൊള്ള വീണ ജോർജിന് തിരിച്ചടിയാകുമെന്ന് പറയുന്നവർ ഏറെ.
ജി. സുധാകരൻ ചുവടുമാറ്റിയതോടെ കലങ്ങിമറിഞ്ഞ ആലപ്പുഴയുടെ രാഷ്ട്രീയമനസ്സ് കേരളം ഉറ്റുനോക്കുകയാണ്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടുസീറ്റും സ്വന്തമാക്കിയാണ് എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്. അന്ന് ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ കൽപറ്റയും സുൽത്താൻ ബത്തേരിയും യു.ഡി.എഫ് ഉറപ്പിച്ചു. ഹാട്രിക്കിനായി ഇറങ്ങിയ മന്ത്രി ഒ.ആർ കേളുവിനെ പരാജയപ്പെടുത്തി ഉഷ വിജയനിലൂടെ മാനന്തവാടി തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്.
തൃശൂരിൽ 2021ൽ 13 മണ്ഡലങ്ങളിൽ ചാലക്കുടി മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. ജില്ല ഇടത്തോട്ടുതന്നെയാണ് അവസാനവട്ട ചായ്വ് പ്രകടിപ്പിക്കുന്നത്.
ഇടുക്കിയിൽ യു.ഡി.എഫ് മുൻതൂക്കം ഉറപ്പിച്ച നിലയിലാണ്. തൊടുപുഴ നീന്തിക്കയറാമെന്ന് യു.ഡി.എഫും ഉടുമ്പൻചോലയിൽ വിജയം കൊയ്യാമെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു.
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ 2016ലും 2021ലും ഒമ്പതിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമാണ് വിജയിച്ചത്. 2021ൽ എൽ.ഡി.എഫിന് മൂവാറ്റുപുഴയും തൃപ്പൂണിത്തുറയും യു.ഡി.എഫിന് കുന്നത്തുനാടും കളമശ്ശേരിയും നഷ്ടപ്പെട്ടു. കോതമംഗലം, പെരുമ്പാവൂർ, കുന്നത്തുനാട്, കൊച്ചി എന്നിവിടങ്ങളിൽ മത്സരം ശക്തമാണ്.
കോട്ടയം ജില്ലയിൽ സിറ്റിങ് എം.എൽ.എമാരുടെ ജനകീയതയുടെ കോട്ടയാണ് എതിരാളിയുടെ പ്രധാന വെല്ലുവിളി. തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും ഭൂരിപക്ഷത്തിൽ മാത്രമാണു സംശയം. കടുത്തുരുത്തിയിൽ പോരാട്ടം കടുപ്പമെങ്കിലും മോൻസ് ജോസഫും യു.ഡി.എഫുംതന്നെ മുന്നിട്ട് നിൽക്കുന്നു. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ വാസവനും നാട്ടകം സുരേഷും നേർക്കുനേർ മത്സരമാണ്. ജോസ് കെ. മാണിയും മാണി സി. കാപ്പനും ഒരേപോലെ ജയപ്രതീക്ഷ പുലർത്തുന്ന പാലായിൽ കണ്ടറിയാം. പൂഞ്ഞാറിൽ കോൺഗ്രസിന്റെ എം.ജെ. സെബാസ്റ്റ്യൻ അവസാന ലാപ്പിൽ സിറ്റിങ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കലിന് ഒപ്പമോ അൽപ്പം മുന്നിലോ ആണ്. പി.സി ജോർജ് താമര ചിഹ്നത്തിൽ മൂന്നാമതാണ്.
കൊല്ലത്ത് 2021ൽ 11ൽ രണ്ടു സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. 2016ൽ മുഴുവൻ സീറ്റും ഇടതിന്. യു.ഡി.എഫ് അധികാരത്തിൽ വന്ന 2011ൽപ്പോലും രണ്ടുസീറ്റിലൊതുങ്ങി ഭരണപക്ഷത്തിന് കൊല്ലത്തിന്റെ സംഭാവന. ഇത്തവണ എല്ലാം മാറിയെന്ന് യു.ഡി.എഫ്. പത്തനാപുരത്ത് ആറാമങ്കത്തിനിറങ്ങിയ മന്ത്രി ഗണേഷ് കുമാർ ജ്യോതികുമാർ ചാമക്കാല ഉയർത്തിയ വലിയ വെല്ലുവിളികൾക്ക് മുൻപിലാണുള്ളത്. ചവറയിൽ ഷിബു ബേബിജോണും ഇടതിന്റെ സുജിത് വിജയൻ പിള്ളയും തമ്മിൽ കടുത്ത മത്സരമാണ്. ചുരുക്കത്തിൽ കേരളത്തിലെ മുന്നണി രാഷ്ട്രീയം നേർക്കുനേർ തന്നെയാണ്….
