‘വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്’: കെ സി വേണുഗോപാൽ

KC Venugopal

മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടിൽ മമ്മൂട്ടിയെ കെട്ടിയിടാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള മമ്മൂട്ടിയെ എത്രയൊക്കെ ചാപ്പകുത്താൻ ശ്രമിച്ചാലും മതേതരസമൂഹം കൂട്ടുനിൽക്കില്ലെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.KC Venugopal

മലയാള സിനിമയ്ക്ക് ലോകസിനിമയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ പ്രഥമസ്ഥാനമുണ്ട് മമ്മൂട്ടിക്ക്. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്.

വിദ്വേഷപ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞു പിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറം വേണ്ടാ. മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണെന്നും കെസി വേണുഗാപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.
മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.
കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്.
വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Leave a Reply

Your email address will not be published. Required fields are marked *