തെഹ്റാനില്‍ പതിനായിരങ്ങള്‍ക്കു നടുവില്‍ ഖാംനഇ; അഞ്ചു വർഷത്തിനിടെ ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം, ഇസ്രായേലിനെ വീണ്ടും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

leadership

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ അസാധാരണമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു നേതൃത്വം നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതാദ്യമായാണ് ഖാംനഇ ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നൽകുന്നത്. തലസ്ഥാനമായ തെഹ്‌റാനിൽ നടന്ന ജുമുഅയ്ക്കു മുന്നോടിയായുള്ള പ്രഭാഷണത്തില്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയ ഇറാൻ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. ഒന്നിച്ചുനിന്ന് ശത്രുവിനെ പരാജയപ്പെടുത്താൻ മുസ്‌ലിം രാജ്യങ്ങൾക്ക് ആഹ്വാനവും നൽകിയ അദ്ദേഹം ഇസ്രായേലിനെ വീണ്ടും ആക്രമിക്കുമെന്നു മുന്നറിയിപ്പും നല്‍കി. പതിനായിരങ്ങളാണ് ആത്മീയാചാര്യനെ നേരിട്ടു കേൾക്കാനും ജുമുഅയിൽ സംബന്ധിക്കാനുമായി എത്തിയിരുന്നത്.leadership

ഒക്ടോബർ ഒന്നിന് തെൽഅവീവിൽ ഉൾപ്പെടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കു പിന്നാലെ ഇസ്രായേലിന്റെ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണികൾക്കിടെയാണു വെള്ളിയാഴ്ച പ്രഭാഷണത്തിലൂടെ പൗരന്മാരെ ഖാംനഇ അഭിസംബോധന ചെയ്തത്. പേർഷ്യൻ ഭാഷയ്ക്കു പുറമെ അയൽരാജ്യങ്ങളെ ലക്ഷ്യം വച്ച് അറബിയിൽ കൂടി അദ്ദേഹം പ്രസംഗിച്ചു. കൊല്ലപ്പെട്ട സയ്യിദ് ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയെയും പ്രസംഗത്തില്‍ അനുസ്മരിച്ചു. ദിവസങ്ങൾക്കു മുൻപ് ഇസ്രായേൽ മിസൈല്‍ ആക്രമണത്തിലൂടെ ഉന്നമിട്ട നസ്‌റുല്ലയുടെ അനന്തരവനും ഹിസ്ബുല്ല നേതാവുമായ ഹാഷിം സഫിയുദ്ദീന്റെ സഹോദരനും ഇറാനിലെ ഹിസ്ബുല്ല പ്രതിനിധിയുമായ അബ്ദുല്ല സഫിയുദ്ദീൻ ജുമുഅ പ്രാര്‍ഥനയില്‍ ഖാംനഇക്കു തൊട്ടരികിലുണ്ടായിരുന്നു.

ശത്രു ഒന്നാണെന്നും മുസ്‌ലിം രാജ്യങ്ങളെല്ലാം ഒന്നിച്ചു നിന്നാൽ ഇസ്രായേലിനെ പരാജയപ്പെടുത്താനാകുമെന്നും പ്രസംഗത്തിൽ അലി ഖാംനഇ ഉണർത്തി. ഫലസ്തീനികളെയും ലബനാനിലെ ഹിസ്ബുല്ലയെയും സംരക്ഷിക്കാൻ മുസ്‌ലിംകൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രായേലിനു നേരെയുള്ള മിസൈൽ ആക്രമണത്തിനു നേതൃത്വം നൽകിയ ഇറാൻ സൈന്യത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ചെന്നായയുടെ രൂപമുള്ള അമേരിക്കൻ പേപ്പട്ടികളെന്നാണ് ഖാംനഇ ഇസ്രായേലിനെ വിശേഷിപ്പിച്ചത്.

ഹമാസിനും ഹിസ്ബുല്ലയ്ക്കും ഇസ്രായേലിനെതിരെ പോരാടാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് വ്യക്തമാക്കി. എല്ലാ ജനതയ്ക്കും തങ്ങളുടെ ഭൂമിയും വീടും രാജ്യവും സംരക്ഷിക്കാനും അധിനിവേശകർക്കെതിരെ ചെറുത്തുനിൽപ്പിനുമുള്ള അവകാശമുണ്ട്. സ്വന്തം നാടിനും അവകാശങ്ങൾക്കും വേണ്ടി ഫലസ്തീനികൾ നടത്തുന്ന ചെറുത്തുനിൽപ്പിനെ ഒരു അന്താരാഷ്ട്ര സമിതിക്കും എതിർക്കാനാകില്ല. ഫലസ്തീനികൾക്ക് ഹിസ്ബുല്ല നൽകുന്ന പിന്തുണയെയും ഒരാൾക്കും വിമർശിക്കാനാകില്ല. അഫ്ഗാനിസ്താൻ മുതൽ യമൻ വരെ, ഇറാൻ മുതൽ ഗസ്സയും ലബനാനും വരെ, എല്ലാ മുസ്‌ലിം രാജ്യങ്ങളിലും പ്രതിരോധനിരത്തിന്റെ അരക്കെട്ട് മുറുക്കണമെന്നും അലി ഖാംനഇ പറഞ്ഞു. നേതാക്കളുടെ വേർപാടിൽ നിരാശരാകേണ്ടെന്ന് ലബനാൻ ജനതയെ അദ്ദേഹം ഉണർത്തുകയും ചെയ്തു.

പശ്ചിമേഷ്യയിലെ യുഎസ്-സഖ്യകക്ഷി ഇടപെടലുകളെ ഖാംനഇ രൂക്ഷമായി വിമർശിച്ചു. മേഖലയിലെ മുഴുവൻ സമ്പത്തും കൊള്ളയടിക്കാനാണ് അമേരിക്കയും പടിഞ്ഞാറൻ രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണയ്ക്കുന്നതെന്ന് ഖാംനഇ പറഞ്ഞു. മേഖലയിലെ എണ്ണ സമ്പത്ത് കൈയിലാക്കുകയാണ് അവരുടെ ലക്ഷ്യം. ഈ സമയത്ത് ഈ (ഇസ്രായേൽ) ഭരണകൂടത്തിനെതിരെ ഏതൊരു വ്യക്തിയും സംഘവും നടത്തുന്ന ആക്രമണവും മേഖലയ്ക്കു മാത്രമല്ല, മനുഷ്യകുലത്തിന് ഒന്നാകെയുള്ള സേവനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹിസ്ബുല്ല നേതാക്കളുടെ കൊലപാതകത്തിനു പുറമെ ലബനാനിലും ഗസ്സയിലും യമനിലും സിറിയയിലുമെല്ലാം ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് ഇറാൻ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രസംഗത്തിലൂടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഒക്ടോബർ ഒന്നിന് ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടന്ന ഇറാന്റെ മിസൈൽ ആക്രമണം ഖാംനഇയുടെ തീരുമാനമായിരുന്നുവെന്ന് റെവല്യൂഷനറി ഗാർഡ് വെളിപ്പെടുത്തിയിരുന്നു. തീരുമാനത്തെ ഇറാൻ പ്രതിരോധ മന്ത്രാലയവും ദേശീയ സുരക്ഷാ കൗൺസിലും പിന്താങ്ങുകയായിരുന്നു.

പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കടുത്ത നേരിട്ട് പ്രകോപനത്തിലേക്കു പോകേണ്ടെന്ന നിലപാട് സ്വീകരിച്ച ഘട്ടത്തിലാണ് പരമോന്നത നേതാവ് കടുത്ത തീരുമാനം കൈക്കൊണ്ടത്. ഇസ്രായേലുമായി സമ്പൂർണ യുദ്ധത്തിലേക്കു പോകാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നേരത്തെ പെസെഷ്‌കിയാൻ വ്യക്തമാക്കിയിരുന്നത്. ഖമനഇയുടെ ഇടപെടലിനു പിന്നാലെ പെസെഷ്‌കിയാനും നിലപാട് കടുപ്പിച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് അദ്ദേഹം മിസൈൽ ആക്രമണത്തിനു പിന്നാലെ മുന്നറിയിപ്പ് നൽകിയത്.

180 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിലേക്ക് ഇറാൻ വിക്ഷേപിച്ചതെന്നാണു വിവരം. ഇതിൽ പകുതിയിലേറെയും ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു. രണ്ട് വ്യോമതാവളങ്ങൾ ഉൾപ്പെടെ ഇസ്രായേലിലെ അതീവസുരക്ഷാ മേഖലയിലും മിസൈൽ നാശമുണ്ടാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നെവാറ്റിം വ്യോമതാവളത്തിൽ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *