വയോജനങ്ങൾക്കായി ജനകീയ ഉല്ലാസ യാത്ര നടത്തി കൊടിയത്തൂർ ഒന്നാം വാർഡ് മെമ്പർ.

Kodiathur 1st Ward Member conducted a public fun trip for the elderly.

 

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ TK അബൂബക്കർ മാസ്റ്ററുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി നടത്തിയ ഉല്ലാസ യാത്ര വേറിട്ട അനുഭവമായി. ‘കാരണവർ’ എന്ന് നാമകരണം ചെയ്ത യാത്രയിൽ 65 ന് മുകളിൽ പ്രായമുള്ള 50 പേരാണുണ്ടായിരുന്നത്. 87 വയസ്സുള്ള പാലക്കാടൻ മുഹമ്മദും സ്ത്രീകളിൽ 76 – പിന്നിട്ട ആമിനയുമായിരുന്നു ഏറ്റവും മുതിർന്നവർ . ദമ്പതിമാരിൽ പുറം കണ്ടി ചാത്തൻ കുട്ടിയും ഭാര്യ ശാരദയുമായിരുന്നു പ്രായം മുൻകടന്നവർ . കോർഡിനേറ്റർ കെ.ഇ. ജമാൽ മാസ്റ്റരുടെ പ്രോഗ്രാമുകൾ യാത്രികരെ ഏറെ ഹരം കൊള്ളിക്കുകയുണ്ടായി. നറുക്കെടുപ്പിലൂടെ കിട്ടിയ പഴയ കാല സാധനങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള ഓരോരുത്തരുടെയും പരിചയപ്പെടുത്തൽ ഏറെ ഹൃദ്യമായിരുന്നു. ഗാനങ്ങളും ക്വിസ് പ്രോഗ്രാമും പാർക്കിൽ നിന്നുളള ഗെയിം മൽസരങ്ങളും യാത്രയുടെ മാറ്റ് കൂട്ടി. വിജയികൾക്ക് തദ്സമയം സമ്മാനങ്ങളും വിതരണം ചെയ്തു.

യാത്രയുടെ ഫ്ലാഗ് ഓഫ് കോട്ടമ്മൽ അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂരും കൊടിയത്തൂരിലെ കാരണവരും പൗര പ്രമുഖനുമായ പി.എം. അഹ്‌മദ് ഹാജിയും സംയുക്തമായി നിർവ്വഹിച്ചു. ക്യാപ്റ്റൻ ടി.കെ.അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രകൃതി രമണീയമായ കരിയാത്തൻപാറ, തോണിക്കടവ് പ്രദേശങ്ങളും കോഴിക്കോട് പ്ലാനറ്റോറിയവും ബീച്ചും സന്ദർശിച്ചു. ചിലർക്ക് ഇത് ആദ്യാനുഭവമെങ്കിൽ മറ്റു ചിലർക്ക് ഇത് കാലങ്ങൾക്ക് ശേഷമുള്ള യാത്രയായിരുന്നു. ജാഫർ മാഷ് പുതുക്കുടി, കെ. അബ്ദുല്ല മാസ്റ്റർ, പി.വി. അബ്ദുറഹ്മാൻ , ടി.കെ. അമീൻ, സാലിം ജീറോഡ്, റഫീഖ് കുറ്റിയോട്ട് , മുംതാസ് കൊളായിൽ, മുഹ്സിന ജാഫർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *