സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ കോഴിക്കോട്ടും കേസ്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ കോഴിക്കോട്ടും കേസ്. യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തിൽ നേരത്തെ 124 പേർക്കെതിരെ കേസെടുത്തിരുന്നു.
ഇന്നലെ രാത്രി കോഴിക്കോട്ട് നടന്ന ഫ്രറ്റേണിറ്റി, യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസ് നടപടി. കോഴിക്കോട് ആകാശവാണിയിലേക്കായിരുന്നു ഫ്രട്ടേണിറ്റി മൂവ്മെന്റ് പ്രകടനം. പ്രവർത്തകർക്കെതിരെ 143, 145,147,149, 332, 353 തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ട്രെയിൻ തടഞ്ഞതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആർ.പി.എഫ് കേസെടുത്തത്. 40 പ്രവർത്തകർക്കെതിരെ ആർ.പി.എഫ് നടപടി.
Also Read : പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ
തിരുവനന്തപുരത്ത് ഇന്നലെ രാത്രി നടന്ന പ്രതിഷേധങ്ങളില്‍ 124 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണു നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാർക്കെതിരെ ചുമത്തിയത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇവ പിൻവലിക്കുമെന്ന് സർക്കാരും മുഖ്യമന്ത്രി നേരിട്ടും അറിയിച്ചിരുന്നെങ്കിലും ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പരാതി ഉയരുന്നതിനിടെയാണു പുതിയ പ്രതിഷേധങ്ങൾക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത്.