കെ.പി. റെജി മീഡിയ അക്കാദമി വൈസ് ചെയർമാൻ
കൊച്ചി: കേരള മീഡിയ അക്കാദമി വൈസ്ചെയർമാനായി കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റെജിയെ ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മാധ്യമം ന്യൂസ് എഡിറ്ററാണ്.
മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൈരളി ന്യൂസ് എഡിറ്റർ പി.വി. കുട്ടൻ, ദേശാഭിമാനി മാനേജർ ഒ.പി. സുരേഷ് എന്നിവരടങ്ങുന്ന 10 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
കൊച്ചി മെട്രോ റെയിൽ വികസനത്തെത്തുടർന്ന് നഷ്ടമാകുന്ന നിലവിലെ ആസ്ഥാന മന്ദിരത്തിന് പകരം 31.56 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ രൂപരേഖ യോഗം അംഗീകരിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ എസ്.എസ്. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
