മണ്ഡലകാലത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി

കൊച്ചി: ഈ വർഷത്തെ മണ്ഡലകാലം ചൊവ്വാഴ്ച (വൃശ്ചികം ഒന്ന്) ആരംഭിക്കാനിരിക്കേ, ശബരിമല തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി സർവിസുകൾ ഒരുങ്ങി. എറണാകുളം ഡിപ്പോയിൽ നിന്നു മാത്രം 30 ബസുകളാണ് നിത്യേന പമ്പയിലേക്ക് പുറപ്പെടുക. ജില്ലയിലെ മറ്റു ഡിപ്പോകളിൽ നിന്ന് വേറെയും സർവിസുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ അധിക സർവിസുകളാണ് ഇത്തവണ നടത്തുന്നത്.
നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഓരോ ദിവസവും ശബരിമല തീർഥാടനത്തിനായി എറണാകുളത്തു നിന്ന് പുറപ്പെടുക. കെ.എസ്.ആർ.ടി സ്റ്റാൻഡിലെ വിരിപന്തലിന്റെയും ആദ്യ പമ്പ സർവിസൻറന്റെയും ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ തിങ്കളാഴ്ച രാവിലെ 10ന് സ്റ്റാൻഡിൽ നിർവഹിക്കും.
ആകെ 30 ബസുകൾ…
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് അകലെയല്ലാത്ത സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് എറണാകുളം ഡിപ്പോയിലെ സർവിസുകൾ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. നാല് എ.സി സൂപ്പർ ഫാസ്റ്റ്, 16 സൂപ്പർ ഫാസ്റ്റ്, 10 ഫാസ്റ്റ് പാസഞ്ചർ എന്നിങ്ങനെയാണ് ശബരിമല സർവിസിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച മുതൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 24 മണിക്കൂറും ഭക്തജന തിരക്കനുസരിച്ച് പമ്പ ബസുകൾ സർവിസ് നടത്തുമെന്ന് എ.ടി.ഒ എ. അജിത്ത് അറിയിച്ചു. ഇതിനൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളം, ചോറ്റാനിക്കര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് റിസർവേഷൻ സൗകര്യത്തോടെയുള്ള ബസും പുറപ്പെടും.
എറണാകുളത്തുനിന്നുള്ള ബസുകൾ വൈറ്റില, തൃപ്പൂണിത്തുറ, വൈക്കം, കോട്ടയം, എരുമേലി, പമ്പ എന്ന റൂട്ടിലാണ് സർവിസ് നടത്തുക.
റിസർവേഷൻ ഇങ്ങനെ
എറണാകുളത്ത് നിന്ന് രാവിലെ ഒമ്പതിന് ഫാസ്റ്റ് പാസഞ്ചർ ബസിന് 295 രൂപക്ക് പമ്പയിലെത്താം. രാത്രി 9.30 നുള്ള സൂപ്പർഫാസ്റ്റ് ബസിന് 305 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ രാത്രി എട്ടിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് എ.സി സൂപ്പർ ഫാസ്റ്റ് ബസും പമ്പയിലേക്കുണ്ട്. 380 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലുവ, വൈറ്റില, തൃപ്പൂണിത്തുറ, വൈക്കം, ഏറ്റുമാനൂർ, എരുമേലി വഴിയാണ് റൂട്ട്.
വൈകീട്ട് ഏഴിന് ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് ഫാസ്റ്റ് പാസഞ്ചർ സർവിസ് നടത്തും. പിറവം, കൂത്താട്ടുകുളം, പാല, എരുമേലി വഴിയാണിത് സർവിസ് നടത്തുക. ഇവയിലെല്ലാം റിസർവ് ചെയ്ത് പോകാനാവും. കൂടാതെ എല്ലാ ദിവസവും ഉച്ചക്ക് 12.30ന് പമ്പയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും ഓൺലൈൻ സൗകര്യത്തോടെ സർവിസ് ഉണ്ടായിരിക്കും. പ്ലേസ്റ്റോറിൽ/ആപ്പ് സ്റ്റോറിലെ enteksrtc എന്ന ആപ്പിലൂടെയും കെ.എസ്.ആർ.ടി.സി ഔദ്യോഗിക വെബ്സൈറ്റ് www.onlineksrtcswift.com ലൂടെയും ടിക്കറ്റെടുക്കാം. കൂടാതെ 9447071021 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവും.
റെയിൽവേ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക്
സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വിവിധ ജില്ലകളിൽ നിന്നുമുള്ള ശബരിമല തീർഥാടകർക്കു വേണ്ടിയാണ് പ്രത്യേക സർവിസുകൾ നടത്തുന്നത്. റിസർവേഷൻ ബസുകൾ സമയക്രമം പാലിച്ചും മറ്റുള്ളവ ഓരോ ബസും നിറയുന്നതിനനുസരിച്ചും സർവിസ് നടത്തും.
റെയിൽവേ സ്റ്റേഷനിൽ അയ്യപ്പ ഭക്തർക്കായി ഹെൽപ് ഡെസ്ക് ആരംഭിക്കും. തീർഥാടകരെ സഹായിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാവും. റെയിൽവേ സ്റ്റേഷനിലെ സുരക്ഷക്കായി പൊലീസിന്റെ ഉൾപ്പെടെ സേവനവുമുണ്ടാകും.
കെ.എസ്.ആര്.ടി.സിയുമായി സഹകരിച്ച് മണ്ഡലകാല ശബരിമല യാത്ര
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്ത്ര ക്ഷേത്ര സന്നിധിയില്‍ നിന്ന് അയ്യപ്പസേവ സംഘത്തിന്റെയും സേവാസമിതിയുടെയും നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സിയുമായി സഹകരിച്ച് 17 മുതല്‍ ഡിസംബര്‍ 23 വരെ ദിവസവും രാത്രി എട്ടിന് ശബരിമല ട്രിപ്പ് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പെരുമ്പാവൂരില്‍ നിന്ന് എരുമേലി വഴി നേരിട്ട് പമ്പക്കും തിരിച്ച് പെരുമ്പാവൂരിലേക്കുമാണ് സര്‍വിസ്. 800 രൂപയാണ് നിരക്ക്. ഭക്തര്‍ക്ക് സന്നിധാനത്ത് വിരിവെക്കാനുള്ള സൗകര്യം, അഭിഷേകം, അപ്പം, അരവണ എന്നിവ സേവാസമിതി പ്രവര്‍ത്തകര്‍ ചെയ്തുകൊടുക്കും. ശാസ്ത ക്ഷേത്രത്തിന് മുന്‍വശമുള്ള ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അയ്യപ്പ സേവ സംഘം സെക്രട്ടറി ടി.എന്‍. ജയകുമാര്‍, അയ്യപ്പ സേവ സമിതി ട്രഷറര്‍ എസ്. ജയചന്ദ്രന്, കണ്‍വീനര്‍ ആര്. അജിത്, സെക്രട്ടറി ജി. പ്രമോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിളിക്കാം ഈ നമ്പറിൽ
കെ.എസ്.ആർ.ടി.സി എറണാകുളം – 9188933779
കെ.എസ്.ആർ.ടി.സി ബോട്ട് ജെട്ടി – 9188933780
കെ.എസ്.ആർ.ടി.സി വൈറ്റില – 9188933781
