കാരണമില്ലാതെ ലീഗിൽനിന്ന് പുറത്താക്കി -കുന്നത്ത് മുഹമ്മദ്

മങ്കട: യാതൊരു കാരണവുമില്ലാതെ മുസ്ലിം ലീഗിൽനിന്ന് പുറത്താക്കിയെന്നും പാർട്ടിയിൽ ഇന്നലെ വന്ന ഒരാളെ മന്ത്രിസ്ഥാനം വരെ കൊടുത്ത് പരിഗണിക്കുകയാണെന്നും മങ്കട മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദീർഘകാലത്തെ പാരമ്പര്യവും പ്രവർത്തന പരിചയവുമുള്ള തന്നോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കുന്നതിൽ ചില തൽപരകക്ഷികളുടെ ഇടപെടൽ ഉണ്ട്.
15ാം വയസ്സിൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ തനിക്ക് അർഹമായ പരിഗണന ലഭിച്ചിട്ടില്ല. എല്ലാ പാർട്ടികളുടെയും പിന്തുണ സ്വീകരിക്കും. ഇടതുപക്ഷവുമായി ധാരണകൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഇടതുപക്ഷം പിന്തുണച്ചാൽ ജയിച്ചു കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു. വൈലോങ്ങര-അങ്ങാടിപ്പുറം ബൈപ്പാസിന് തുടക്കം കുറിച്ചത് താനാണ്. ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസിനുവേണ്ടി നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും അവസാനഘട്ടത്തിൽ അത് അട്ടിമറിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കുന്നത്ത് മുഹമ്മദിന്റെ വാദങ്ങൾ അടിസ്ഥാന രഹിതം -മുസ്ലിം ലീഗ്
മങ്കട: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പരസ്യമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന് അച്ചടക്ക നടപടി നേരിട്ട മുൻ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് ലീഗ് നേതൃത്വത്തിനെതിരെയും യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെയും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ മണ്ഡലം പ്രവർത്തക സമിതിയിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ല ലീഗ് സെക്രട്ടറി മുഹമ്മദുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. കുന്നത്ത് മുഹമ്മദിന്റെ സ്ഥാനാർഥിത്വം യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും ലീഗ് നേതാക്കൾ പറഞ്ഞു. മണ്ഡലം ജന. സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി, ഭാരവാഹികളായ സഹൽ തങ്ങൾ, സി.എച്ച്. മുസ്തഫ, അമീർ പാതാരി, വെങ്കിട്ട ബഷീർ, അഡ്വ. വി. മൂസക്കുട്ടി, സാദിഖലി പാത്തിക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
