നിയമലംഘനങ്ങൾക്ക് ഫുൾസ്റ്റോപ്പ്! റെയിൽവേ പിഴ വർധിപ്പിച്ചതോടെ മലബാറിൽ കേസുകൾ കുത്തനെ കുറഞ്ഞു

കോഴിക്കോട്: നിയമ ലംഘനങ്ങൾക്ക് പിഴ കടുപ്പിച്ചതോടെ മലബാറിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കേസുകളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ കോഴിക്കോട് ഓണററി സ്പെഷ‍്യൽ സെക്കന്‍ഡ് ക്ലാസ് റെയിൽവേ മജിസ്ട്രേറ്റ് കോടതിയിൽ എത്തിയ കേസുകൾ നാലിലൊന്നായാണ് കുറഞ്ഞത്. ജനുവരി മുതൽ ജൂൺ വരെ 1008 മുതൽ 1610 കേസുകൾ കോടതിയുടെ പരിഗണയിലെത്തിയിരുന്നു. പിഴ സംഖ‍്യ രണ്ടും മൂന്നും മടങ്ങായി വർധിപ്പിച്ചതോടെയാണ് ഇതിൽ ഗണ്യമായ കുറവ് വന്നിരിക്കുന്നത്.

ജൂലായ് ഒന്നുമുതൽ പിഴസംഖ്യ വർധിപ്പിച്ചുവെന്ന ഉത്തരവ് പ്രാബല്യത്തിലായി. ഇതോടെ ജൂലൈയിൽത്തന്നെ കേസുകൾ 446 എണ്ണമായി ചുരുങ്ങി. കോടതിയിൽ പ്രതിദിനമെത്തുന്ന കേസുകൾ നാലിലൊന്നായും കുറഞ്ഞിട്ടുണ്ട്. ജൂലൈ വരെ പ്രതിദിനം 80 കേസുകൾ വന്നിരുന്നത് 20 എണ്ണമായി കുറയുകയും ചെയ്തു.

പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നടക്കുന്ന പ്രത്യേക ക്യാമ്പ് സിറ്റിങ്ങുകളിലും നിയമലംഘനക്കേസുകൾ പരിഗണിക്കാറുണ്ട്. വടകര, കണ്ണൂർ, കാസർകോട് റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങുകളിൽ നേരത്തേ നൂറിലേറെ കേസുകൾ പരിഗണനയ്ക്കെത്തിയിരുന്നു എന്നാൽ ഇവിടങ്ങളിൽ ജൂലൈ മുതൽ 10-20 കേസുകൾ മാത്രമായി ചുരുങ്ങി.