രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ
ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത് ഇടത് വിദ്യാർഥിസംഘടനകൾ. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
അതേസമയം, നാളെ രാജ്ഭവൻ മാർച്ചും എസ്.എഫ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാല പ്രതിനിധികളില്ലാതെ വി.സി നിർണ്ണയത്തിനായി സെർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണർക്കെതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധം. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികൾ പാര്‍ലമെൻ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.
എ.ഐ.എസ്.എഫ്, ഐസ, സമാജ് വാദി ഛാത്ര് സഭ, എസ്.എഫ്.ഐ എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ നീറ്റിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന് ആരോപണമുണ്ട്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള ഗുരുത ആരോപണങ്ങൾ ഉയർന്നിട്ടും പരീക്ഷ റദ്ദാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല.