രാജ്യത്ത് സമ്പത്ത് കുറവ് മുസ്‍ലിം, പട്ടിക വിഭാഗങ്ങൾക്ക്; കണക്കുകൾ പറയുന്നത് ഇങ്ങനെ

Less wealth

രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണത്തിന്റെ കണക്കെടുത്ത് അത് മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജസ്ഥാനിൽ പ്രസംഗിച്ചിരുന്നു. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. മോദി നുണ പറയുകയാണെന്ന് പറഞ്ഞ കോൺഗ്രസ് അദ്ദേഹത്തിനെതിരെ പരാതി നൽകുകയും ചെയ്തു.Less wealth

അതേസമയം, രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണമുൾപ്പെടെ സ്വത്തുക്കൾ സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകൾ ലഭ്യമല്ല എന്നതാണ് വസ്തുത. ഐ.സി.എസ്.എസ്.ആർ അംഗീകൃത ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസ് 2020ൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. നാഷനൽ സാംപിൾ സർവേ ഓഫീസും ഇന്ത്യൻ ഇ​ക്കണോമിക് സെൻസസും നടത്തിയ ആൾ ഇന്ത്യ ഡെബ്റ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേയിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പട്ടിക വർഗക്കാർ, പട്ടിക ജാതിക്കാർ, മുസ്‍ലിംകൾ എന്നിവർക്കിടയിലാണ് സമ്പത്ത് ഏറ്റവും കുറവെന്ന് ഈ പഠനത്തിൽ പറയുന്നു.

റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം സമ്പത്തിന്റെ 41 ശതമാനവും ഹിന്ദു മതത്തിലെ ഉയർന്ന ജാതിക്കാരുടെ കൈവശമാണ്. ഹിന്ദു ഒ.ബി.സിക്കാരുടെ കൈവശം 31 ശതമാനം സമ്പത്തുണ്ട്. മുസ്‍ലിംകളുടെ കൈവശം എട്ടും എസ്.സി വിഭാഗത്തിന് 7.3ഉം എസ്.ടി വിഭാഗത്തിന് 3.7ഉം ശതമാനം സമ്പത്താണുള്ളത്.

ഇന്ത്യയിലെ മൊത്തം കുടുംബങ്ങളുടെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദു ഉയർന്ന ജാതികളുടെ സമ്പത്തിലെ വിഹിതം ആനുപാതികമായി ഉയർന്നതാണ്. 22.2 ശതമാനമാണ് ഉയർന്ന ജാതിക്കാരായ കുടുംബങ്ങളുള്ളത്. ഹിന്ദു ഒ.ബി.സി വിഭാഗം 35.8ഉം മുസ്‍ലിംകൾ 12.1ഉം എസ്.സി വിഭാഗം 17.9ഉം എസ്.സി വിഭാഗം 9.1 ശതമാനവുമാണ്.

ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള സമ്പത്തിൻ്റെ ആകെ മൂല്യം 1,46,394 ബില്യൺ രൂപയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്.ടി വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള സമ്പത്തിൻ്റെ (13,268 ബില്യൺ രൂപ) ഏകദേശം 11 ഇരട്ടിയാണിത്. മുസ്‍ലിംകളുടെ കൈവശമുള്ള ആകെ സ്വത്ത് 28,707 ബില്യൺ ആണ്.

READ ALSO:‘ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ല’; മോദിക്കെതിരെ നടപടി വേണ്ടെന്ന് തെര.കമ്മീഷൻ

ശരാശരി 15.04 ലക്ഷം രൂപയാണ് രാജ്യത്ത് ഓരോ കുടുംബത്തിൻ്റെയും കൈവശമുള്ള സ്വത്ത്. കുടുംബങ്ങളിലെ ശരാശരി സമ്പത്ത് ഏറ്റവും കൂടുതൽ ഹിന്ദു ഉയർന്ന ജാതികളിൽ (27.73 ലക്ഷം രൂപ) ആണ്. തൊട്ടുപിന്നിൽ ഹിന്ദു ഒ.ബി.സി വിഭാഗം (12.96 ലക്ഷം രൂപ) ഉണ്ട്. മുസ്‌ലിം കുടുംബങ്ങളിൽ 9.95 ലക്ഷം രൂപയാണ് ശരാശരി സമ്പത്ത്. എസ്.ടി വിഭാഗത്തിന് 6.13 ലക്ഷം രൂപയും എസ്‌.സി വിഭാഗത്തിന് 6.12 ലക്ഷം രൂപയുമാണ് ശരാശരി കുടുംബ സ്വത്ത്.

പഠനമനുസരിച്ച്, ഹിന്ദു ഒ.ബി.സി വിഭാഗത്തിലാണ് സ്വർണത്തിന്റെ ഏറ്റവും വലിയ പങ്ക് (39.1%) ഉള്ളത്. തൊട്ടുപിന്നിൽ ഹിന്ദു ഉയർന്ന ജാതിക്കാരാണ്, 31.3 ശതമാനം. മുസ്‌ലിംകൾക്ക് 9.2 ശതമാനം വിഹിതമുണ്ട്. എസ്.ടി വിഭാഗത്തിന് 3.4 ശതമാനം മാത്രമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *