അനധികൃത മദ്യശേഖരം, എഫ്.ഐ.ആർ ഹാർഡ് കോപ്പി ചോദിച്ച് വാശി; നാടകീയ രംഗങ്ങൾക്കൊടുവിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അളവിൽ കവിഞ്ഞ മദ്യം കൈവശം വച്ച കേസിലാണ് റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസിന്റെ നടപടി. എക്സൈസ് എ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ആന്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എ.സി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55 എ, 55 ഐ, 58 എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എഫ്.ഐ.ആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്.ഐ.ആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്.ഐ.ആർ കോപ്പിയുമായി എത്തുകയായിരുന്നു. ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലും അധികം അളവിലുള്ള വിവിധ തരത്തിലുള്ള മദ്യശേഖരമാണ് വാഴവറ്റയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപ്പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്.ഐ.ടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. 20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്.ഐ.ടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറു മണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2.30-നാണ് അവസാനിച്ചത്.
