ലോസ് ആഞ്ചലസ് തീപിടിത്തം; ആറ് ദിവസമായിട്ടും അടങ്ങാതെ കാട്ടുതീ, കത്തിച്ചാമ്പലായത് നാൽപതിനായിരം ഏക്കറിലധികം പ്രദേശങ്ങൾ
വാഷിങ്ടൺ: അമേരിക്കയെ നടുക്കിയ ലോസ് ആഞ്ചലസ് തീപിടിത്തം 6 ദിവസമായിട്ടും നിയന്ത്രിക്കാനാവാതെ പടരുന്നു. 24 പേർ കൊല്ലപ്പെട്ട അഗ്നിബാധയിൽ നാൽപതിനായിരം ഏക്കറിലധികം പ്രദേശങ്ങൾ കത്തിച്ചാമ്പലായി. തീ പടരാൻ ഇടയാക്കുന്ന സാന്റാന കാറ്റിന്റെ ശക്തി കൂടുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.
ലോസ് ആഞ്ചലസിൽ മാത്രം മൂന്നിടങ്ങളിലായി ഇപ്പോഴും ആളിപ്പടരുന്ന തീ 13 ദശലക്ഷം മനുഷ്യരെയാണ് ബാധിച്ചത്. 92000 പേരെ മാറ്റിത്താമസിപ്പിച്ചു. 89000 പേർ ഏത് നിമിഷവും മാറിത്താമസിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ്. ആഡംബര വീടുകളുൾപ്പെടെ 12300 കെട്ടിടങ്ങൾ കത്തിയമർന്നു. തീ ഏറ്റവുമധികം ബാധിച്ച പാലിസേയ്ഡ്സിൽ മാത്രം 23713 ഏക്കർ പ്രദേശങ്ങളാണ് കത്തിത്തീർന്നത്. 14 % തീ മാത്രമാണ് ഇവിടെ നിയന്ത്രണ വിധേയമാക്കാനായത്.
14117 ഏക്കർ കത്തിത്തീർന്ന ഏയ്റ്റണിൽ 33 % തീ നിയന്ത്രിക്കാനായി. 799 ഏക്കർ പ്രദേശം കത്തിനശിച്ച ഹർസ്റ്റിൽ 97 % തീ നിയന്ത്രണവിധേയമായിട്ടുണ്ട്. സതേൺ കാലിഫോർണിയയുടെ പല ഭാഗങ്ങളും റെഡ് ഫ്ലാഗ് മേഖലയാണ്. സാൻ ലൂയിസ് ഒബിസ്പോ മുതൽ -സാൻഡിയാഗോ വരെ പ്രദേശങ്ങളിലാണ് റെഡ് മുന്നറിയിപ്പുള്ളത്.
തീ പിടിത്തത്തിന് ആക്കം കൂട്ടുന്ന സാന്റ ആന കാറ്റിന്റെ വേഗത കൂടിക്കൊണ്ടിരിക്കുന്നതാണ് തീയണക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന വെല്ലുവിളി . ഇന്നു മുതൽ മുന്ന് ദിവസംകൂടി കാറ്റ് ശക്തിപ്പെടുമെന്ന മുന്നറിയിപ്പുണ്ട്. 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് ബെന്റ്വുഡ് വെസ്റ്റ്വുഡ് എൻസിനോ തുടങ്ങി കൂടുതൽ പ്രദേശങ്ങളെ തീ വിഴുങ്ങാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് അമേരിക്ക.