പശുക്ഷേമത്തിനായി ഫണ്ട് വകമാറ്റി മധ്യപ്രദേശ് ബി.ജെ.പി സർക്കാർ
മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ എസ്.ടി/എസ്.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ടിന്റെ ഒരു ഭാഗം പശു ക്ഷേമത്തിനും മതപരമായ ആവശ്യങ്ങൾക്കും ചിലവഴിക്കുന്നതായി റിപ്പോർട്ട്. പശു ക്ഷേമത്തിനായി സർക്കാർ മാറ്റിവെച്ചത് 252 കോടി രൂപയാണ്. ഇതിൽ 95.76 കോടി രൂപ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വികസന പദ്ധതികൾക്കായുള സബ്-പ്ലാൻ വഴി കേന്ദ്രം അനുവദിച്ച തുകയാണ്. അതുപോലെ, ആറ് ആരാധനാലയങ്ങളുടെ വികസനത്തിനായി നീക്കിവച്ച 109 കോടിയുടെ പകുതിയും ഇതേ രീതിയിൽ അനുവദിച്ചതാണ്.cow
ശ്രീദേവി മഹാലോക്, സെഹോറിലെ സൽക്കൻപൂർ, സന്യാസി ശ്രീ രവിദാസ് മഹലോക്, സാഗർ, ശ്രീരാമരാജ മഹലോക് ഓർക്കാ, ശ്രീരാമചന്ദ്ര വനവാസി-മഹാലോക്, ചിത്രകൂട് എന്നിവയ്ക്കും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സ്മാരകത്തിനും വേണ്ടി 109 കോടി രൂപയാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. ഗ്വാളിയോറിലാണ് വാജ്പേയ്ക്ക് വേണ്ടി സ്മാരകം ഉയരുന്നത്.
കർണാടകയ്ക്ക് ശേഷം പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വികസന ഫണ്ടിൽ നിന്ന് പണം വകമാറ്റുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. സംസ്ഥനത്തിന്റെ ക്ഷേമപദ്ധതിക്ക് ധനസഹായം നൽകുന്നതിനായി സബ് പ്ലാനിൽ നിന്ന് 14,000 കോടി രൂപ വകമാറ്റാൻ കർണാടക തീരുമാനിക്കുകയായിരുന്നു. തുടർന്ന് ദേശീയ പട്ടികജാതി കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
വകമാറ്റിയ തുക ഉപയോഗിച്ച് നിർമിക്കുന്ന മ്യൂസിയങ്ങളുൾപ്പെടെയുളള സ്ഥലങ്ങളിൽ പട്ടികജാതി-പട്ടികവർഗക്കാർ ഉൾപ്പെടെ എല്ലാ വിഭാഗക്കാർക്കും തൊഴിൽ അവസരങ്ങൾ നൽകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഗോത്ര പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി കലാസൃഷ്ടികൾ പ്രദർശിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം എസ്‌സി/എസ്‌ടി സബ്‌പ്ലാൻ വഴിതിരിച്ചുവിട്ടത് കേന്ദ്ര പദ്ധതിയുടെ ദുരുപയോഗമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സബ് പ്ലാനുകൾക്കായി മുൻ ആസൂത്രണ കമ്മീഷൻ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണിതെന്ന് ആദിവാസി കാര്യ വിദഗ്ധൻ വിനേഷ് ഝാ പറഞ്ഞു.
പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലെ എസ്‌സിഎസ്‌പി (പട്ടികജാതി ഉപപദ്ധതി), TSP (ട്രൈബൽ സബ് പ്ലാൻ) എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, രണ്ട് പദ്ധതികൾക്കും നീക്കിവച്ചിരിക്കുന്ന ഫണ്ടുകൾ മറ്റേതെങ്കിലും സ്‌കീമിലേക്ക് വഴിതിരിച്ചുവിടാതിരിക്കാൻ പ്രത്യേക മൈനർ ഹെഡിന് കീഴിലായിരിക്കണം ചിട്ടപ്പെടുത്തേണ്ടത്.
കൂടാതെ ഇതിലെ തുക പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ ലഭ്യമാകുന്ന രീതിയിൽ ഉപയോഗിക്കണം. കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങൾ, മ്യൂസിയം, ഗോശാലകൾ എന്നിവയുടെ നിർമ്മാണത്തിന് എസ്‌സി/എസ്ടി സബ് സ്‌കീം ഉപയോഗിക്കുന്നത്ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശു ക്ഷേമത്തിനും ഗോശാലകളുടെ പ്രവർത്തനങ്ങൾക്കും വേണ്ടി തുക ചിലവാക്കുന്നത് എസ്‌സി/എസ്ടി വിഭാഗങ്ങളുടെ വികസനത്തിൽ ഒരു സംഭാവനയും ചെയ്യാൻ കഴിയില്ലെന്നും ഇതിന് അവരുടെ ക്ഷേമവുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് ബി.ജെ.പി സർക്കാറിന്റെ ഫണ്ട് ദുരുപയോഗമാണെന്നും മറ്റൊരു ആദിവാസി ആക്ടിവിസ്റ്റ് വിക്രം അച്ചാലിയ പറഞ്ഞു.