ഫോട്ടോ മോര്‍ഫ് ചെയ്ത് വിഡിയോയുണ്ടാക്കി പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലിനെതിരെ പരാതി നല്‍കി മാല പാര്‍വതി

Mala Parvathy files complaint against YouTube channel for morphing photo into video

 

ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി സിനിമാ മേഖലയിലെ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബ് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യുടൂബ് ചാനലിനെതിരെ പരാതി നല്‍കിയെന്ന് നടി മാലാ പാര്‍വതി ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ആളുകളില്‍ ഒരാളാണ് താനെന്ന് നടി പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളുമാണ് ഗുരുതരമായ സൈബര്‍ ആക്രമണത്തിലേക്ക് നയിച്ചത്. ഹണി റോസിന്റെ പോരാട്ടം ആവേശമുണ്ടാക്കിയെന്നും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മാല പാര്‍വതി വ്യക്തമാക്കി. (Mala parvathy on cyber attack against her)

സാമകാലിക വിഷയങ്ങളില്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞതാണ് തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ തോത് വര്‍ദ്ധിച്ചതെന്ന് മാല പാര്‍വതി പറഞ്ഞു. സമൂഹത്തില്‍ ഇഷ്ടമല്ല എന്ന് തോന്നുന്ന കാര്യങ്ങളില്‍ ആഞ്ഞടിക്കും. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് ആക്രമണം ഉണ്ടാകുന്നതെന്ന് നടി പറഞ്ഞു.

കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കുറിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം തീവ്രമായിരുന്നു. ഇടതുപക്ഷ അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ പറയുന്നതിനാല്‍ കോണ്‍ഗ്രസില്‍ നിന്നാണ് കൂടുതല്‍ വേട്ടയാടലുകള്‍ ഉണ്ടായത്. സൈബര്‍ വേട്ടയാടലുകളില്‍ ഹണി റോസിന്റെ പോരാട്ടവും തുറന്നുപറച്ചിലും വലിയ അഭിമാനമുണ്ടാക്കിയെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *