മലപ്പുറത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം വേണം; നിവേദനം നൽകി തബൂക്ക് കെ.എം.സി.സി

തബൂക്ക്/ മലപ്പുറം: കാൽപന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം നിർബന്ധമാണെന്ന് തബൂക്ക് കെ.എം.സി.സി. നിലവിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും നിറഞ്ഞുകവിയുന്ന ഗാലറികൾ അതിന് തെളിവാണ്. സന്തോഷ് ട്രോഫി മത്സരങ്ങളും സൂപ്പർ ലീഗ് കേരള മത്സരങ്ങളും അത് തെളിയിച്ചുകഴിഞ്ഞു.

ബൂട്ടണിഞ്ഞ വെള്ളക്കാർക്കെതിരെ നഗ്നപാദങ്ങൾ കൊണ്ട് കളിക്കാനിറങ്ങിയ ചരിത്രമുള്ള മണ്ണാണ് മലപ്പുറത്തിേൻറത്. അതോടൊപ്പം രാജ്യത്തിന് വേണ്ടിയും രാജ്യത്തെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും കേരളത്തിനുവേണ്ടിയും ബൂട്ടുകെട്ടിയ ഒട്ടനവധി കളിക്കാർക്ക് ജന്മം നൽകിയ നാട്ടിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫിഫ അംഗീകരിക്കുംവിധമുള്ള സ്റ്റേഡിയം നിർമിക്കുന്നത് മലപ്പുറത്തിെൻറ ഫുട്ബാൾ പെരുമ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കാൻ സാധിക്കുമെന്നും തബൂക്ക് കെ.എം.സി.സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നിലവിലെ പയ്യനാട് സ്റ്റേഡിയം നവീകരിച്ചോ പുതുതായി നിർമിച്ചോ അത്തരമൊരു സ്റ്റേഡിയം ജില്ല പഞ്ചായത്ത്‌ മുന്നിട്ടിറങ്ങി ജില്ലയിൽ യാഥാർഥ്യമാക്കാൻ ഈ ആവശ്യമുന്നയിച്ച് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമദ് ആഞ്ഞിലങ്ങാടി, ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസിക്ക് നിവേദനം നൽകി. ബഷീർ കൂട്ടായി, അലി വെട്ടത്തൂർ, ഫൈസൽ തോളൂർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, സാലി പട്ടിക്കാട്, വീരാൻ കുട്ടി കുമ്മിണിപ്പറമ്പ്, സക്കീർ മണ്ണാർമല, ഗഫൂർ പുതുപൊന്നാനി, കബീർ പൂച്ചാമം, അബ്ദുൽ ഖാദർ ഇരിട്ടി, ആഷിഖ് കാടപ്പടി, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ ചേർന്നാണ് നിവേദനം തയാറാക്കിയത്.