മലപ്പുറം പൊലീസിലെ അഴിച്ചുപണി അപഹാസ്യം, മുഖ്യമന്ത്രി ഭീരുവായി മാറി; വി.ഡി.സതീശൻ

V. D. Satheesan

തിരുവനന്തപുരം: മലപ്പുറം പൊലീസിലെ അഴിച്ചുപണി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലപ്പുറം എസ്പിയെ എന്ത് കാരണത്താൽ മാറ്റിയെന്ന് പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അൻവറിന്റെ വ്യക്തി വൈരാഗ്യം തീർക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സർക്കാരും അധഃപതിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എഡിജിപിയെ സംരക്ഷിക്കാൻ അൻവർ ആവശ്യപ്പെടുന്ന എന്തും ചെയ്തു നൽകുകയാണെന്നും മുഖ്യമന്ത്രി ഭീരുവായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നീതീകരിക്കാനാവില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. V. D. Satheesan

മലപ്പുറം എസ്പി ശശിധരനെ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായാണ് സ്ഥലം മാറ്റിയത്. മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി. താനൂർ ഡിവൈഎസ്പി വി.വി ബെന്നിക്കും മാറ്റമുണ്ട്. പരാതിക്കാരിയോട് അനാവശ്യമായി ഇടപെടൽ നടത്തി എന്ന് കണ്ടെത്തിയ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെതിരെയും നടപടിയുണ്ട്. സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മാറ്റം. തൃശ്ശൂർ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

മലപ്പുറത്തെ പൊലീസിൻറെ തലപ്പത്തുള്ള ഉദ്യോഗസ്ഥർക്കെതിരെ പി.വി അൻവർ എംഎൽഎ അടക്കമുള്ളവർ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന പുരോഗമിച്ചു വരുന്നതിനിടയിലാണ് പൊലീസിന്റെ തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *