അറബിയും മലയാളവുമില്ല; ലക്ഷദ്വീപിലെ സ്‌കൂളുകളിൽ കേരള സിലബസ് ഒഴിവാക്കുന്നു
ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളവും അറബിയും ഒഴിവാക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ കേരള സിലബസിന് പകരം സിബിഎസ്ഇ സിലബസിലേക്ക് മാറും. ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനവും അടുത്ത വർഷം മുതൽ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കും.
ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ രാഗേഷ് ദഹിയ ഇറക്കിയ ഉത്തരവ് പ്രകാരം അടുത്ത അധ്യായന വർഷം മുതൽ ദ്വീപിലെ ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്കും മാറും. അടുത്ത വർഷം മുതൽ സിബിഎസ്ഇ സിലബസ് മാത്രമായിരിക്കും സ്കൂളുകളിൽ പടിപ്പിക്കുക.ദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഒഴിവാകുന്നതോടെ മലയാളം, അറബി ഭാഷപഠനം ദ്വീപിൽ ഇല്ലാതാകും. സിബിഎസ്ഇ സിലബസിൽ ഭാഷകളായി തെരഞ്ഞെടുക്കാൻ കഴിയുന്നത് ഇംഗ്ലീഷും ഹിന്ദിയുമാണ്.
പുതിയ ഉത്തരവ് പ്രകാരം രണ്ട് മുതൽ 8 വരെ ക്ലാസുകളിലെ പഠനം അടുത്ത വർഷം മുതൽ പൂർണമായും സിബിഎസ്ഇ സിലബസിലേക്ക് മാറും.ഇനി മുതൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനവും സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിൽ മാത്രമായിരിക്കും. നിലവിൽ 9-10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കേരള സിലബസിൽ തന്നെ പരീക്ഷ എഴുതാം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനത്തിനെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമാണ്.പുതിയ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് ദ്വീപിലെ ജനങ്ങളുടെ നിലപാട്. Malayalam medium is excluded from schools in Lakshadweep